Palakkad By Election 2024: 'ഷാഫിയുടെ മാനം രാഹുല്‍ കാക്കുമോ?' 'ബിജെപി അക്കൗണ്ട് തുറക്കുമോ?' 'ചരിത്രം കുറിക്കുമോ ഡോക്ടര്‍ ബ്രോ?' പാലക്കാട് വിധിയെഴുതുന്നു

രേണുക വേണു

ബുധന്‍, 20 നവം‌ബര്‍ 2024 (08:45 IST)
Palakkad By Election 2024: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂര്‍ പിന്നിട്ടു. രാവിലെ ഏഴിനു ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറുവരെ നീളും. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. പാലക്കാട്ടെ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആവേശത്തോടെ പോളിങ് ബൂത്തുകളിലേക്ക് എത്തുന്ന കാഴ്ചയാണ് പാലക്കാട് കാണുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിന്‍ ഭാര്യ സൗമ്യ സരിനൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. മറ്റു സ്ഥാനാര്‍ഥികളും ഉടന്‍ വോട്ട് ചെയ്യാനെത്തും. 
 
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് പാലക്കാട്. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി.സരിന്‍ ഐഎഎസ് മത്സരിക്കുന്നു. സ്റ്റെതസ്‌കോപ്പ് അടയാളത്തിലാണ് സരിന്‍ സ്വതന്ത്രനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ എല്‍ഡിഎഫ് ഇത്തവണ സരിനിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് വിലയിരുത്തല്‍. ബിജെപിക്കായി സി.കൃഷ്ണകുമാര്‍ ആണ് മത്സരിക്കുന്നത്. 2021 ല്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് പാലക്കാട്. 
 
അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ പാലക്കാട് വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. 2445 കന്നിവോട്ടര്‍മാരും 229 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. നാല് ഓക്സിലറി ബൂത്തുകള്‍ (അധിക ബൂത്തുകള്‍) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍