മനോജ് വധം: പി ജയരാജന്റെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച

ബുധന്‍, 22 ജൂലൈ 2015 (13:47 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച പറയും. ജാമ്യഹര്‍ജിയില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയിലെ വാദം പൂര്‍ത്തിയായി. കേസില്‍ ജയരാജനെ അറസ്റ് ചെയ്യാന്‍ സിബിഐ ഗൂഡാലോചന നടത്തുകയാണന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം, മനോജ് വധക്കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്. എറണാകുളം സിബിഐ കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്നാണ് സിബിഐയുടെ ആവശ്യം. ഹര്‍ജി സുപ്രീം കോടതി പിന്നീട് പരിഗണിക്കും.

മനോജ് വധക്കേസില്‍ രാഷ്ട്രീയപ്രേരിതമായി തന്നെ അറസ്റു ചെയ്യാന്‍ സാധ്യതയുണ്െടന്നു ചൂണ്ടിക്കാട്ടിയാണു ജയരാജന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവില്‍ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ സിബിഐ ജയരാജനെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിട്ടില്ല.

പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്താല്‍ ജയരാജനെ അറസ്റ് ചെയ്തേക്കും. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്ത ജയരാജന്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക