കെ എം മാണി രാജി വെയ്ക്കണം; പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നിയമസഭയില്‍

തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (09:55 IST)
നിയമസഭയുടെ ഹ്രസ്വ സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. കോഴ വാങ്ങിയ മാണിയെ പുറത്താക്കുക,​ മാണിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക,​ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും പങ്ക് അന്വേഷിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡുകളാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നത്. 
 
ചോദ്യോത്തരവേള നിര്‍ത്തിവച്ച് ഇത് സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ഇത് അനുവദിച്ചില്ല. ചോദ്യോത്തരവേളയ്ക്ക് ശേഷം അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാമെന്നായിരുന്നു റൂളിംഗ്.
 
മാണിക്കെതിരായി പ്രതിപക്ഷം ബഹളം നടത്തുമ്പോള്‍ അദ്ദേഹം സഭയില്‍ എത്തിയിരുന്നില്ല. മദ്യനിരോധനമല്ല മദ്യ ബ്ലാക്‍മെയിലിംഗാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.  എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയം കാരണം വരുമാനത്തില്‍ കുറവ് വന്നിട്ടില്ലെന്നും എന്നാല്‍ മദ്യ ഉപഭോഗം കുറഞ്ഞുവെന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ എക്സൈസ് മന്ത്രി കെ ബാബു അറിയിച്ചു.
 
ചോദ്യോത്തരവേളയ്ക്ക് ശേഷം അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നല്‍കി. മാണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടുള്ള പ്രമേയം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് സഭയില്‍ അവതരിപ്പിച്ചത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക