ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാവിഭാഗം ആരംഭിച്ച, 'ഓപ്പറേഷന്‍ രുചി (Restricting Use of Chemicals & Harmful Ingredients) സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം' പദ്ധതിക്ക് ആഭ്യന്തരവകുപ്പ് പൂര്‍ണ്ണപിന്തുണ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഭക്ഷണശാലകളില്‍ റെയ്ഡുകള്‍ ശക്തമാക്കണമെന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറികള്‍ മാത്രമല്ല കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.
വിഷലിപ്തമായ പച്ചക്കറികള്‍ക്കും മായവും മാലിന്യങ്ങളും രാസവസ്തുക്കളും കലര്‍ന്ന മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് നടപ്പാക്കുന്ന ഓപ്പറേഷന്‍ രുചി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭം മാത്രം ലക്ഷ്യംവച്ച്, കീടനാശിനികളും രാസവളങ്ങളും അമിതമായി ഉപയോഗിച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിളയിക്കുന്ന സമീപനം കര്‍ഷകര്‍ ഉപേക്ഷിക്കണം - മന്ത്രി പറഞ്ഞു.
സമൂഹത്തിലെ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഇവയിലെ വിഷാംശമാണെന്ന വസ്തുത മനസ്സിലാക്കണം. യൂറോപ്യന്‍ രാജ്യങ്ങള്‍ ജൈവകൃഷിയിലേക്ക് മടങ്ങിയത് 20 വര്‍ഷങ്ങള്‍കൊണ്ടാണ്. അത്രയുംകാലംകൊണ്ട് ആ ലക്ഷ്യം കൈവരിക്കണമെങ്കില്‍ കേരളം ഇന്നുമുതല്‍തന്നെ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടെ ആരംഭിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓണക്കാല വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.