എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
ഞായര്‍, 21 ഡിസംബര്‍ 2014 (13:15 IST)
മദ്യനയത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ യോഗം വിളിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹമുള്ളവര്‍ക്കു നാളെ തന്നെ വന്നു കാണാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
മദ്യനയത്തില്‍ സുധീരനെ കടത്തിവെട്ടി നയത്തില്‍ പ്രായോഗിക തീരുമാനത്തിന് ഉത്തരവിറക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എമാരുടെ യോഗം വിളിച്ച് പിന്തുണ ഉറപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിങ്കളാഴ്ച് എ, ഐ ഗ്രൂപ്പുകളിലെ എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടുകളെ തള്ളാനുള്ള പിന്തുണ തേടിയാണ് യോഗം ചേരുന്നതെന്നാണ് വാര്‍ത്ത പരന്നത്.
മദ്യനയത്തിലെ പ്രായോഗിക തീരുമാനത്തിന് വിഎം സുധീരന്‍ എതിര് നില്‍ക്കുന്നതും. കേന്ദ്രനേതാക്കളുടെ സമ്മര്‍ദം വരെ കെപിസിസി പ്രസിഡന്റ് തള്ളിക്കളയുന്നതുമാണ് വിഷയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. സുധീരന്റെ നിയന്ത്രണത്തില്‍ കെപിസിസി നേതൃയോഗം വിളിക്കുന്നതിനു നേതാക്കള്‍ക്കു താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ, ഐ ഗ്രൂപ്പുകളും ഒത്തു ചേര്‍ന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ തിരിഞ്ഞ സാഹചര്യത്തില്‍ സുധീരന്‍ പക്ഷവും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.