പിളര്‍ന്ന പാര്‍ട്ടിയില്‍ വീണ്ടുമൊരു വീതംവെപ്പ്; കോണ്‍ഗ്രസ് –കേരള കോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്- കൂടുതല്‍ സീറ്റുകള്‍ക്കായി മാണി വാശി പിടിക്കില്ല

ശനി, 5 മാര്‍ച്ച് 2016 (06:01 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യം ഉന്നയിക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) കോണ്‍ഗ്രസ് നേതാക്കളുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും കേരളാ കോണ്‍ഗ്രസിനെ പ്രതിനിധാനംചെയ്ത് ചെയര്‍മാന്‍ കെഎം മാണി, മന്ത്രി പിജെ ജോസഫ്, സിഎഫ് തോമസ്, ജോയി എബ്രഹാം എംപി എന്നിവരും പങ്കെടുക്കും.

നാട്ടകം ഗെസ്റ്റ് ഹൗസില്‍ വൈകീട്ട് 4.30ന് നിര്‍ണായക ചര്‍ച്ച. ഇതിനുമുന്നോടിയായി നാലുമണിക്ക് യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം ഡിസിസി ഓഫിസില്‍ നടക്കും. കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പ് ഉണ്ടായതിനാല്‍ വിലപേശല്‍ കുറയുമെന്നാണ് സൂചന. അതേസമയം, കൈയിലിരിക്കുന്ന സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നാലുമുതല്‍ ആറുസീറ്റുകള്‍ വരെ കൂടുതലായി ആവശ്യപ്പെടുമെന്നാണ് വിവരം.

ചര്‍ച്ചയില്‍ മലബാര്‍ മേഖലയില്‍ വിജയസാധ്യതയുള്ളതടക്കം കൂടുതല്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് വിവരം. അതേസമയം, പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായത് തിരിച്ചടി സമ്മാനിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക