ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അഭിമാനകരമായ നേട്ടം: മുഖ്യമന്ത്രി

ശനി, 25 ജൂലൈ 2015 (09:54 IST)
എയർ ആംബുലൻസ് ഉപയോഗിച്ചുള്ള കൊച്ചിയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരോഗ്യരംഗത്തെ അഭിമാനകരമായ നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദി അര്‍പ്പിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശർമയുടെ കുടുംബത്തിന് പ്രത്യേക നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊച്ചിയിൽ നടന്ന മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമെന്ന് ഡോ ജോസ് ചാക്കോ പെരിയപുറം. ആറുമണിക്കൂർ സമയമെടുത്താണ് ലിസി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടു ദിവസത്തിനകം മാത്യുവിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയേക്കും.

പ്രസിദ്ധ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആറു മണിക്കൂറിലേറെ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. അങ്കമാലി സ്വദേശിയായ മാത്യുവിന് ഹൃദയം മാറ്റിവച്ചത്. ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന പാറശാല സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമായ അഡ്വ. എസ്. നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് മാത്യുവിന് നല്‍കിയത്. നീലകണ്ഠശര്‍മയില്‍നിന്നു ഹൃദയം വേര്‍പെടുത്തി 3.45 മണിക്കൂറിനകം രാത്രി പത്തോടെ മാത്യുവില്‍ ആ ഹൃദയം സ്പന്ദിച്ചു തുടങ്ങി. ഇന്ത്യന്‍ നേവിയുടെ ഐഎന്‍-244 എയര്‍ ആംബുലന്‍സില്‍ വൈകിട്ട് ഏഴരയോടെയാണ് ഹൃദയം കൊച്ചിയിലെത്തിച്ചത്.

വെബ്ദുനിയ വായിക്കുക