പൊതുബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ തച്ചുടച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിനു വാഗ്ദാനം ചെയ്തിരുന്ന ഐഐടിയും എയിംസും നല്‍കിയില്ലെന്നും ഇവ രണ്ടിനും സ്ഥലംവരെ കണ്ടെത്തി കേരളം ഒരുങ്ങിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിഷിനെ കേന്ദ്ര സര്‍വകലാശാലയാക്കിയതും കൊച്ചി മെട്രോയ്ക്ക് ധനസഹായം അനുവദിച്ചതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുക വകയിരുത്തിയതും സ്വാഗതാര്‍ഹമാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.
കോര്‍പറേറ്റ് നികുതി കുറച്ചപ്പോള്‍ സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവിന്റെ പരിധി കൂട്ടിയില്ല. റബറിന്റെ വിലയിടിവ് തടയാനും സുഗന്ധവ്യഞ്ജന, കാര്‍ഷിക കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ബജറ്റില്‍ നടപടി പ്രതീക്ഷിച്ചിരുന്നു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുമെന്നും കേരളം പ്രതീക്ഷിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.