ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ പ്രിയ കവിയുമായ ഒഎൻവി കുറുപ്പ് അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.35നായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച നടക്കും.
ആറ് പതിറ്റാണ്ട് കാലം മലയാള സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. കവി, അധ്യാപകൻ, ഭാഷാ പണ്ഡിതൻ വാഗ്മി എന്നീ നിലകളിൽ നിസ്തുലമായ സംഭാവനകൾ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. പിപി സരോജിനിയാണ് ഭാര്യ. രാജീവൻ, ഡോ മായാദേവി എന്നിവരാണ് മക്കൾ. മകന്‍: രാജീവ് റെയില്‍വേ ഉദ്യോഗസ്ഥനാണ്. മകള്‍ ഡോ മായാദേവി ഇംഗ്ലണ്ടില്‍ ഗൈനക്കോളജിസ്റ്റാണ്. ഗായിക അപര്‍ണ രാജീവ് കൊച്ചുമകളാണ്.
സാഹിത്യത്തിനും സിനിമാഗാനശാഖയ്ക്കും അനവധിയായ സംഭാവനകള്‍ നല്‍കിയ മഹാപ്രതിഭയാണ് യാത്രയായത്. 2007-ലെ ജ്ഞാനപീഠ പുരസ്കാര ജേതാവാണ്. നിരവധി സിനിമ, നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒഎൻവി വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഉയർന്ന സിവിലിയൻ ബഹുമതികളായ പത്മവിഭൂഷണും (2011) പത്മശ്രീയും (1998) ലഭിച്ചിട്ടുണ്ട്.
എഴുത്തച്ഛൻ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്‌കാരം, വയലാർ പുരസ്‌കാരം, പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്‌കാരം, വിശ്വദീപ പുരസ്‌കാരം, മഹാകവി ഉള്ളൂർ പുരസ്‌കാരം, ആശാൻ പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള ഒഎൻവി, ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ്.
1949ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്. ഞാൻ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകൾ, മയിൽപീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങൾ, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങൾ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികൾ, കവിതയിലെ സമാന്തര രേഖകൾ, എഴുത്തച്ഛൻ എന്നീ പഠനങ്ങളും ഒഎൻവി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
1931 മേയ് 27ന് കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒഎൻ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായിട്ടാണ് മലയാളത്തിന്റെ പ്രീയകവിയുടെ ജനനം.