സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ഓണം വാരാഘോഷം 25 മുതല്‍ 31 വരെ നടക്കും 25 നു വൈകിട്ട് ആറര മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി എ.പി അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കലാരംഗത്തെ പ്രമുഖ പ്രതിഭകളെ ആദരിക്കും.
29 വേദികളിലായി നടക്കുന്ന പരിപാടികളില്‍ 5000 ഓളം കലാകാരന്മാര്‍ പങ്കെടുക്കും. 25 ലെ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത് കെ.എസ്.ചിത്രയും സുദീപും നയിക്കുന്ന മാജിക്കല്‍ മെലഡിയോടെയാണ്. തുടര്‍ന്ന് രാജശ്രീ വാര്യരുടെ നൃത്തം നടക്കും. 26 നു ശിവമണിയുടെയും കരുണാമൂര്‍ത്തിയുടെയും കൂട്ടരുടെ കലാപ്രകടനമാണു പ്രധാനം.
ശംഖുമുഖത്ത് ലയതരംഗം, പൂജപ്പുരയില്‍ ഓള്‍ഡ് ഈസ് ഗോള്‍ഡ്, സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജവാന്മാര്‍ക്ക് ആദരം അര്‍പ്പിച്ച് ജി.വേണുഗോപാല്‍, ശ്രീറാം, ജാസിഗിഫ്റ്റ്, രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള പരിപാടികള്‍ എന്നിവയുമുണ്ടാവും.
ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര സ്പോര്‍ട്സ് കൌണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ 24 നു നടക്കും. മന്ത്രി എ.പി.അനില്‍ കുമാറിന്‍റെ അദ്ധ്യക്ഷതയില്‍ കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രമേശ് ചെന്നിത്തല സംബന്ധിക്കും. 31 നു വൈകിട്ട് വെള്ളയമ്പലത്തു നിന്ന് ആരംഭിക്കുന്ന വര്‍ണാഭമായ ഘോഷയാത്ര കിഴക്കേകോട്ടയില്‍ അവസാനിക്കും.