രാഷ്‌ട്രീയ താൽപര്യങ്ങൾക്കു വഴങ്ങാന്‍ തങ്ങളെ കിട്ടില്ലെന്ന് എന്‍എസ്‌എസ്
വ്യാഴം, 23 ജൂലൈ 2015 (12:12 IST)
രാഷ്‌ട്രീയ താൽപര്യങ്ങൾക്കു വഴങ്ങാനോ, മതവിദ്വേഷം വളർത്താനോ സംഘടനയെ കിട്ടില്ലെന്നും എൻഎസ്‌എസ് അതിന്റെ ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടും സമുദായാചാര്യന്റെ ദർശനങ്ങൾ ഉൾക്കൊണ്ടും ഉള്ള നിലപാടുകളും പ്രവർത്തനങ്ങളും തുടരുമെന്നും നിലപാട് വ്യക്തമാക്കിക്കൊണ്ട് എന്‍എസ്‌എസ്. മുഖപത്രമായ സർവീസിന്റെ എഡിറ്റോറിയലിലാണ് സമീപകാലത്തിയര്‍ന്ന വിവാദങ്ങളില്‍ എന്‍എസ്‌എസ് അഭിപ്രായം പറഞ്ഞിരിക്കുന്നത്.
ജനറൽ സെക്രട്ടറി എന്ന നിലയിൽ ജി സുകുമാരൻ നായർ സ്വീകരിച്ച നിലപാടുകൾക്കെല്ലാം സംഘടനയുടെ പൂർണപിന്തുണയുണ്ട്. ജനറൽ സെക്രട്ടറിയെ അപകീർത്തിപ്പെടുത്തി വ്യക്‌തിഹത്യ ചെയ്‌ത് സംഘടനാ നിലപാടുകളെ നിശ്ശബ്‌ദമാക്കാനാണു ചിലരുടെ ഉദ്ദേശ്യം. രാഷ്‌ട്രീയതാൽപര്യങ്ങളും ഇതിനു പിന്നിലുണ്ടാകാമെന്നും അത്തരം സമുദായവിരുദ്ധ പ്രവർത്തനങ്ങളെ തിരിച്ചറിയാനുള്ള ശക്‌തി സംഘടനയ്‌ക്കും അതിനെ സ്‌നേഹിക്കുന്ന സമുദായാംഗങ്ങൾക്കും ഉണ്ടെന്നുമാണു മുഖപ്രസംഗത്തിൽ വ്യക്‌തമാക്കുന്നത്.
ബോർഡ് ഓഫ് ഡയറക്‌ടേഴ്സിന്റെയും കൗൺസിലിന്റെയും നിർദേശമനുസരിച്ചു ജനറൽ സെക്രട്ടറിയാണു ഭരണം നടത്തുന്നത്. നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലും നിലപാടുകളിലും തെറ്റുണ്ടെങ്കിൽ അഭിപ്രായസമന്വയത്തിലൂടെ തിരുത്താൻ പരമാധികാരസഭയായ പ്രതിനിധിസഭ പോലെയുള്ള വേദികളുമുണ്ട്. സംഘടനാ സംവിധാനത്തിനു പുറത്തുനിന്നുള്ള വിമർശനങ്ങൾ നിക്ഷിപ്‌ത താൽപര്യക്കാരുടേതു മാത്രമാണെന്നതിനാല്‍ സർവീസ് സൊസൈറ്റി അത്തരം വിമർശനങ്ങളെയും പ്രവർത്തനങ്ങളെയും അവഗണിക്കുന്നു എന്നും മുഖപ്രസംഗത്തിൽ വ്യക്‌തമാക്കുന്നു.
സുരേഷ് ഗോപി വിഷയവും അതിനു പിന്നാലെ എന്‍എസ്‌എസ് ജന്രല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി രംഗത്തുവന്നതുമാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍ക്ക് കാരണം. സോഷ്യമീഡിയകളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ കടുത്ത പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നുവന്നത്. വിഷയത്തില്‍ എന്‍എസ്‌എസ് പ്രതിരോധത്തിലായിരുന്നു.