എഴുതി എഴുതി സംഘികളുടെ അടപ്പ് തെറിപ്പിക്കണം: മുഖ്യമന്ത്രിക്കെതിരെ അലി അക്ബർ

ചൊവ്വ, 24 ജൂലൈ 2018 (09:18 IST)
ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് എഴുത്തുകാരന്‍ ഹരീഷിന്‍റെ മീശ എന്ന നോവലിന് നേരെ സംഘികള്‍ സൈബര്‍ ആക്രമണം നടത്തിയത്. ആക്രമണം ശക്തമായതോടെ ഹരീഷ് നോവൽ പിൻ‌വലിച്ചു. പക്ഷേ, സാംസ്കാരിക കേരളം മുഴുവൻ ഹരീഷിന് പിന്തുണയുമായി എത്തി. 
 
മുഖ്യമന്ത്രി പിണറായി വിജയനും ഹരീഷിന് പിന്തുണ അറിയിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ഇതിനടിയിലും വൻ സൈബർ ആക്രമണമാണ് നടക്കുന്നത്. സംവിധായകൻ അലി അക്ബറും മുഖ്യമന്ത്രിക്കെതിരെയാണ് പോസ്റ്റിട്ടിരിക്കുന്നത്.  
 
മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയിൽ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കൾക്ക് അദ്ദേഹം നൽകേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം എന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്.
 
ഇതിന് കീഴിൽ പരിഹാസരൂപേണയാണ് അലി അക്ബറുടെ കമന്റ്. ബിജെപി അനുഭാവി കൂടിയാണ് അലി അക്ബർ. ‘നേരാണ് എഴുതി എഴുതി സംഘികളുടെ അടപ്പ് തെറിപ്പിക്കണം.. സംഘികളുടെ പിൻബലം അമ്പലമാണ്... ഗീതയാണ്, രാമായണമാണ്... ആസ്ഥാന കവികളെ, കഥാകൃത്തുക്കളെ കലാകാരമാരെ തൂലിക പടവാളാക്കൂ.. അമ്പലവാസികളുടെ ലൈംഗിക തൃഷ്ണയെ വെളിച്ചത്തു കൊണ്ടുവരൂ.. രാമായണത്തെ പരിഹസിച്ചു നോവലുകൾ പിറക്കട്ടെ,ഗീതയെ മുച്ചൂടും വർണ്ണവെറിയുടെ ജല്പനവും ബ്രാഹ്മണ മേധാവിത്വത്തിന്റെ പരിശ്ചേദനവുമാക്കി മാറ്റുക...നമുക്ക് വേണ്ടത് ന്യുനപക്ഷ സിംപതിയും സംഘികളുടെ ഉന്മൂലനവുമാണ്... 
 
അസഹിഷ്ണുത എന്ന വാക്ക് ഉരുളക്കുപ്പേരിപോൽ വിളമ്പണം.. ഹിന്ദു വർഗീയത എന്നേ പറയാവൂ... പർദ്ദയേക്കുറിച്ച് എഴുതിയവർ പടിക്കു പുറത്ത്, മുഹമ്മദ്‌ എന്നെഴുതിയാൽ ഇനിയും കൈവെട്ടണം.. പത്തി വിരിച്ചാടുന്ന സുഡാപ്പികൾക്കിഷ്ടപെടും വിധം നല്ലൊരു നാഗപ്പാട്ട് കൂടി എഴുതൂ... വേഗത്തിൽ വേണം കലാകാരൻമാരെ സാഹിത്യ കിങ്ങിണികളെ...- എന്നാണ് അലി അക്ബർ കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍