മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാര്‍ക്കോ എതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മദ്യനിരോധനം കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച ജസ്‌റ്റീസ് മാര്‍ക്കണ്ഡേയ കട്‌ജുവിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. ഗുണനിലവാരമില്ലാതെ 418 ബാറുകള്‍ അടച്ചിട്ടപ്പോള്‍ തന്നെ നാട്ടിലെ ക്രമസമാധാന നില മെച്ചപ്പെട്ടെന്നും സുധീരന്‍ പറഞ്ഞു.
മാതാവിനെയും സഹോദരിയെയും പിതാവിനെയും മകളെയും അറിയാത്ത വിധത്തിലേക്ക് അധഃപ്പതിപ്പിക്കുന്ന മദ്യം കുറച്ചപ്പോള്‍ തന്നെ അതിന്റെ പ്രതിഫലനം കേരളത്തില്‍ കണ്ടു തുടങ്ങി. അക്രമവും അപകട മരണങ്ങളും കുറഞ്ഞു. മദ്യം പൂര്‍ണ്ണമായും നിരോധിക്കുന്നതോടെ ക്രമസമാധാന നില ഏറ്റവും നല്ല രീതിയില്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ നിരോധന കാര്യത്തില്‍ മുഖ്യമന്ത്രി അഭിനന്ദനം അര്‍ഹിക്കുന്നു. അതേസമയം തന്നെ ഇത് യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മയക്കുമരുന്നു വിമുക്‌ത നാടായി മാറ്റിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനോട് നന്നായി പ്രതികരിച്ച് അതിനെ വിജയിപ്പിക്കുന്നത് ജനങ്ങളാണെന്നും സുധീരന്‍ വ്യക്‌തമാക്കി. മദ്യ നിരോധനം കൊണ്ടുവരുന്നത് കേരളത്തിലെ അക്രമം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നായിരുന്നു മാര്‍ക്കണ്ഡേയ കാട്‌ജു അഭിപ്രായപ്പെട്ടത്.