ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍; രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ട്
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ഐ എ എസ് ഉദ്യോഗസ്ഥാന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്‌തു.
ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. റിമാൻഡിലായ ഉദ്യോഗസ്ഥനെ നാൽപ്പത്തെട്ട് മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് സര്‍വ്വീസ് ചട്ടം.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നു. പൊലീസിന്റെ അനലിറ്റിക്കൽ ലാബിലാണ് രക്ത സാംപിൾ പരിശോധിച്ചത്. പരിശോധനാഫലം പൊലീസിന് കൈമാറി.
ഇതോടെ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് നിലനില്‍ക്കുമോയെന്നു സംശയമുണ്ട്. അപകടം നടന്ന് 10 മണിക്കൂറിനുശേഷമാണ് ശ്രീറാമിന്റെ രക്തസാംപിൾ ശേഖരിച്ചത്. മദ്യത്തിന്‍റെ അളവ് കണ്ടെത്താന്‍ കഴിയാത്തത് ഇതുമൂലമാണെന്നു ആക്ഷേപമുണ്ട്.