മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ ആക്രമണ ശ്രമമുണ്ടായപ്പോള്‍ പ്രതിരോധിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ നടപടിയുണ്ടാകില്ല. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വിമാനത്തില്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരമാണ് മുഖ്യമന്ത്രിക്ക് അരികിലേക്ക് പോയത്. ഇവരെ ഇ.പി.ജയരാജന്‍ തടുക്കുകയായിരുന്നു. വിമാനത്തില്‍വെച്ച് തന്നെ ഇവരെ ജയരാജന്‍ തള്ളി മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിക്കായി പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇവരെ പിടിച്ചു തള്ളിയതെന്നാണ് ജയരാജന്റെ വാദം. ഈ വിശദീകരണത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സും അംഗീകരിക്കുന്നു. അങ്ങനെയാണെങ്കില്‍ ജയരാജനെതിരെ നടപടിയുണ്ടാകില്ല. വിമാനത്തില്‍ പ്രതിഷേധിക്കുകയോ ആക്രമണത്തിനു മുതിരുകയോ ചെയ്താല്‍ നടപടിയെടുക്കാന്‍ വകുപ്പുണ്ട്.
നിയമം എന്താണ് ?
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ (1937) പാര്‍ട്ട് -3 , ചട്ടം 23 (എ) യിലാണ് ഇതേ കുറിച്ച് പ്രതിപാദിക്കുന്നത്. 1937 ലെ നിയമം ആണെങ്കിലും ഇത് 2018 ല്‍ പരിഷ്‌കരിച്ചിട്ടുള്ളതാണ്. ഈ നിയമം അനുസരിച്ച് വിമാനത്തില്‍ ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്തുകൂടാ. ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ഒരാള്‍ക്ക് ഭീഷണിയുണ്ടാക്കാന്‍ പാടില്ല. അതായത് എല്ലാ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിമാനത്തില്‍ വിലക്കുണ്ട്. പ്രത്യേകിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്താണെങ്കില്‍ അതിന്റെ ഗൗരവം കൂടും.