‘മാണിയെ വിശുദ്ധനാക്കണം, മുഖ്യമന്ത്രിയാകാന്‍ നടന്ന വിദ്വാന്‍ ഇപ്പോള്‍ മുഖ്യപ്രതിയായി‘
വ്യാഴം, 18 ഡിസംബര്‍ 2014 (13:23 IST)
ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെഎം മാണിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ര്പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മുഖ്യമന്ത്രിയാകാന്‍ നടന്ന വിദ്വാന്‍ ഇപ്പോള്‍ മുഖ്യപ്രതിയായിരിക്കുകയാണെന്ന് പരിഹസിച്ച വിഎസ്, മാണിയെ വിശുദ്ധനാക്കാന്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടിയേയും പരിഹസിച്ചു. മാണിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ബാര്‍ തൊഴിലാളികളുടെ പേരില്‍ കള്ളക്കണ്ണിരൊഴുക്കുന്നത് എന്നും വിഎസ് ആരോപിച്ചു.
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും മുടങ്ങുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ.രാജു കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു വിഎസ്. പത്ത് ബാര്‍ തൊഴിലാളികള്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി മദ്യനയം മാറ്റാന്‍ തയ്യാറായി. എന്നാല്‍ പത്തൊമ്പത് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് അനക്കമില്ല. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസിയിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടുത്തയാഴ്ച യോഗ ചേരുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഗതാഗത, ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതോടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനേ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. അഴിമതി സര്‍ക്കാര്‍, കോഴ സര്‍ക്കാര്‍ എന്നീ പേരുകളുടെ കൂടെ കൊലയാളി സര്‍ക്കാരെന്നു കൂടി കൂട്ടിച്ചേര്‍ക്കാമെന്നും ഇറങ്ങിപ്പോക്കിനു മുന്‍പ് വിഎസ് പറഞ്ഞു.