ട്രെയിന്‍ യാത്രക്കിടെ അയാള്‍ അപമാനിച്ചു, ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്ളയാളായതിനാല്‍ ടി‌ടി‌ആറിനും ഇടപെടാന്‍ ഭയം: വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യ

വെള്ളി, 16 മാര്‍ച്ച് 2018 (08:17 IST)
ട്രെയിന്‍ യാത്രയ്ക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്ന് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്. നിഷ എഴുതിയ 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന പുസ്തകത്തിലാണ്  ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന അപമാനശ്രമത്തെക്കുറിച്ച് പറയുന്നത്.
 
കേരള കോൺഗ്രസ്(മാണി) ചെയർമാൻ കെഎം മാണിയുടെ മരുമകളും, കോട്ടയം എംപി ജോസ് കെ മാണിയുടെ ഭാര്യയുമായ നിഷ ജോസിന്റെ പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം, അപമാനിക്കാന്‍ ശ്രമിച്ചത് ആരെന്ന് പറയുന്നില്ലെങ്കിലും ഒരേ മുന്നണിയില്‍ തന്നെയുള്ള വ്യക്തിയാണെന്ന സൂചന നിഷ നല്‍കുന്നുണ്ട്.
 
വളരെ ക്ഷീണിതയായിരുന്ന തന്നെ അയാൾ അപമാനിക്കാൻ ശ്രമിക്കുന്നത് ആദ്യമേ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അയാളെ താക്കീത് ചെയ്തു. എന്നാൽ താക്കീത് നൽകിയിട്ടും അയാൽ അപമാനിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവില്‍ സഹികെട്ട് ടി‌ടി‌ആറിനോട് കാര്യം അവതരിപ്പിച്ചുവെന്ന് നിഷ എഴുതുന്നു.
 
എന്നാല്‍, ടിടി‌ആറിന്റെ മറുപടി നിഷയെ തന്നി ഞെട്ടിക്കുന്നതായിരുന്നു. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ്. നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും’ എന്ന് പറഞ്ഞ് ടി‌ടിആര്‍ ഒഴിഞ്ഞ് മാറിയെന്ന് നിഷ ആരോപിക്കുന്നു.
 
പക്ഷേ, അപ്പോഴും അയാളുടെ കൈകൾ തന്റെ കാൽവിരലുകളെ ലക്ഷ്യമാക്കി വന്നു. അയാൽ കൈകൾ കൊണ്ട് കാൽപാദത്തിൽ ഉരസാൻ തുടങ്ങി. ലക്ഷ്മണ രേഖ കടന്നുവെന്ന് മനസിലാക്കിയതോടെ താൻ അയാളോട് ദേഷ്യപ്പെട്ടെന്നും, ശക്തമായ ഭാഷയിൽ അവിടെ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും നിഷ ജോസ് പറയുന്നു. 
 
അതോടൊപ്പം, കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തിൽ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍