നിപ്പയെ പേടിക്കേണ്ട; പ്രതിരോധിക്കാം

ചൊവ്വ, 4 ജൂണ്‍ 2019 (12:14 IST)
തൊടുപുഴയിലെ സ്വകാര്യ കോളെജിലെ വിദ്യാര്‍ഥിക്ക് തൃശൂരില്‍ കെല്‍ട്രോണ്‍ നടത്തുന്ന തൊഴിലധിഷ്ഠിത പരിശീലനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് പനിവന്നത്. തൃശൂരിലെ പ്രാഥമിക ചിക്തത്സയ്ക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. യുവാവിന്റെ കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ കോഴിക്കോടായിരുന്നു നിപ ആദ്യമായി സ്ഥിരീകരിച്ചത്. അന്ന് രോഗം വന്ന 18ല്‍ 16 പേരും മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. നവംബറില്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 21 പേര്‍ മരിച്ചെന്ന് പറയുന്നു.
 
കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. നീണ്ടുനില്‍ക്കുന്ന പനിയോ, കടുത്ത ചുമയോ ഉണ്ടായാല്‍ ചികിത്സ തേടണം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. ഭയമല്ല, ജാഗ്രതയാണ് രോഗത്തെ തുരത്താന്‍ വേണ്ടത്.
 
എന്താണ് നിപ?
 
ആര്‍എന്‍എ വൈറസായ നിപ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ഏറെ പേടിക്കേണ്ട രോഗമാണ്. വൈറസ് ഉള്ള വവ്വാലുകളില്‍ നിന്നോ, പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പടരാം. രോഗികളെ പരിചരിക്കുന്നവര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നിപ പിടിപെട്ടേക്കും. മലേഷ്യയില്‍ കമ്പുങ് സുങായ് നിപ എന്ന ഗ്രാമത്തിലെ പന്നിവളര്‍ത്തുന്ന കര്‍ഷകരിലാണ് 1998ലാണ് നിപ സ്ഥിരീകരിക്കപ്പെടുന്നത്. 1999ല്‍ വൈറസിനെ വേര്‍തിരിച്ചറിഞ്ഞു.
 
നിപ്പ ലക്ഷണങ്ങള്‍
 
രോഗം വന്നാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ അഞ്ച് മുതല്‍ 14 ദിവസം വരെ വേണ്ടിവരും. പനിയും തലകറക്കവുമാണ് ഈ ഇന്‍കുബേഷന്‍ പിരീഡിലുണ്ടാകുക. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങുക എന്നീ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ട് ദിവസങ്ങള്‍ക്കകം തന്നെ കോമയില്‍ എത്താന്‍ സാധ്യത കൂടുതലാണ്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും വലിയ സാധ്യതയാണ്. നിപ വൈറസ് ബാധയുളള വ്യക്തിയുമായോ, ജീവികളുമായോ നേരിട്ട് ബന്ധപ്പെട്ടാല്‍ മാത്രമാകും രോഗം വ്യാപിക്കുക.
 
മുന്‍കരുതലുകള്‍
 
വവ്വാലുകള്‍ കടിച്ച ചാമ്പയ്ക്ക, മാങ്ങ, പേരയ്ക്ക എന്നിങ്ങനെയുളള ഫലങ്ങള്‍ ഒഴിവാക്കുക.വവ്വാലുകള്‍ കൂടുതലുളള സ്ഥലത്ത് നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.നന്നായി കഴുകി തൊലികളഞ്ഞുമാത്രം പഴങ്ങള്‍ കഴിക്കുക.പശു, പന്നി, പട്ടി, മുയല്‍ എന്നിവ വഴി വൈറസ് പടരാന്‍ സാധ്യതയുളളതിനാല്‍ ഇവയുമായി ഇടപഴകിയ ശേഷം സോപ്പിട്ട് കൈ കഴുകുക.രോഗികളെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.നിപ ബാധിച്ച രോഗികളെ പരിചരിക്കുമ്പോള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.രോഗിയോട് അടുത്ത് ഇടപഴകുന്നവര്‍ സോപ്പും വെളളവും ഉപയോഗിച്ച് കൈ കഴുകണം. രോഗിയുമായി സംസാരിക്കുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കണം.രോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ വേര്‍തിരിച്ച് സൂക്ഷിക്കുകയും വൃത്തിയാക്കുകയും വേണം
 
പനിയുളളവര്‍ ശ്രദ്ധിക്കെണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. പനി, ചുമ, ജലദോഷം എന്നിവയുളളവര്‍ വീടിനുളളില്‍ വിശ്രമിക്കുക.തുറന്ന സ്ഥലത്ത് ചുമ, തുമ്മല്‍, ചീറ്റല്‍ എന്നിവ ഒഴിവാക്കുക.തൂവാല ഉപയോഗിച്ച് മാത്രം ചുമ, തുമ്മല്‍, മൂക്ക് ചീറ്റല്‍ എന്നിവ നിയന്ത്രിക്കുക.തിളപ്പിച്ചാറ്റിയ വെളളം കുടിക്കുക.പരിസര ശുചിത്വം പാലിക്കുക

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍