ഇസ്‌ലാം മതവിശ്വാസിയല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് പ്രചരിപ്പിച്ചു: കെ എം ഷാജിയ്‌ക്കെതിരെ നികേഷ് കുമാര്‍ ഹൈക്കോടതിയില്‍

ഞായര്‍, 3 ജൂലൈ 2016 (12:02 IST)
അഴീക്കോട് മണ്ഡലത്തില്‍ നിന്നും വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിക്കെതിരെ മാധ്യമപ്രവര്‍ത്തകനും എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥിയുമായിരുന്ന നികേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.  
 
തെരഞ്ഞെടുപ്പ് സമയത്ത് ഇസ്‌ലാം മത വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തിരുന്നെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് നികേഷ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. 
 
അതേസമയം പാലായില്‍ വിജയിച്ച കെ എം മാണിക്കെതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്. എതിര്‍ സ്ഥാനാര്‍ഥി മാണി സി കാപ്പനും മണ്ഡലത്തിലെ വോട്ടറായ കെ സി  ചാണ്ടിയുമാണ് ഹര്‍ജിക്കാര്‍. പത്തു വര്‍ഷത്തിലേറെ ജനപ്രതിനിധിയായവര്‍ വൈദ്യുതി, വെള്ളം, വീട്ടുവാടക എന്നീ ഇനങ്ങളില്‍ കുടിശിക വരുത്തിയിട്ടില്ലെന്ന് വിശദീകരിക്കുന്ന അധിക സത്യവാങ്ങ്മൂലം നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കണമെന്നുണ്ട്. എന്നാല്‍ കെ എം  മാണി ഇത് നല്‍കിയില്ലെന്നാണ് മാണി സി കാപ്പന്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
 
പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാര്‍, കെ സി ജോസഫ്, പി ബി അബ്ദുല്‍ റസാഖ്, ആര്‍ രാമചന്ദ്രന്‍, കാരാട്ട് അബ്ദുല്‍ റസാഖ്, ടി എ അഹമ്മദ് കബീര്‍, അനില്‍ അക്കര എന്നിവരുള്‍പ്പെടെയുള്ളവരുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തുളള ഹര്‍ജികളുള്‍പ്പടെ പന്ത്രണ്ടോളം ഹര്‍ജികള്‍ ഇന്നലെ ഹൈക്കോടതിയില്‍ ലഭിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക