നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണയായില്ല

ചൊവ്വ, 29 മാര്‍ച്ച് 2016 (08:22 IST)
യു ഡി എഫ് സീറ്റ് വിഭജന ധാരണ വീണ്ടും വൈകുമെന്ന് ഉറപ്പായി. കേരള നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് കമ്മിറ്റിയുടെ ആദ്യ യോഗം പ്രാഥമിക ധാരണ രൂപപ്പെടുത്താന്‍ കഴിയാതെ പിരിഞ്ഞു. ചെയര്‍മാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ കമ്മിറ്റി ഇന്ന് വീണ്ടും സമ്മേളിക്കും.

പുതുമുഖങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് വാദിക്കുന്ന കെ പി സി സി പ്രസിഡന്‍റ് വി എം സുധീരനെതിരെ കടുത്ത വിമര്‍ശമാണ് കെ  മുരളീധരന്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ ഉയര്‍ത്തിയത്. ജയസാധ്യതക്ക് മുന്‍തൂക്കം നല്‍കണമെന്നതാണ് പല എം പിമാരുടേയും അഭിപ്രായം. അതേസമയം, പലതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് മഹിളാ സംഘടനാ പ്രതിനിധികളും യുവനേതാക്കളും ആവശ്യപ്പെട്ടു.

എന്നാല്‍ തുടര്‍ച്ചയായി മത്സരിച്ചു ജയിക്കുന്നത് കുറ്റമല്ലെന്ന വാദമാണ് ആര്യാടനും മുരളീധരനും അടക്കമുള്ളവര്‍ ഉന്നയിച്ചത്. സിറ്റിങ്ങ് എം എല് എമാരെ ഒഴിവാക്കാന്‍ പാടില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണനക്ക് അയക്കുന്ന ലിസ്റ്റില്‍ സിറ്റിങ്ങ് എം എല്‍ എമാര്‍ക്കു പുറമെ മറ്റാരുടെയും പേര് ഉള്‍പ്പെടുത്തേണ്ടതില്ല. തുടര്‍ച്ചയായി മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നവരെ ഒഴിവാക്കണമെന്ന കാഴ്ചപ്പാട് ശരിയല്ലെന്നും അവര്‍ വ്യകതമാക്കി. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വലിയ പരീക്ഷണങ്ങള്‍ക്കായി ആരും ശ്രമിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക