ഇടനിലക്കാരന്‍ 10 ലക്ഷം തട്ടിയെടുത്തതായി പരാതി

ബുധന്‍, 27 ജനുവരി 2016 (11:56 IST)
വസ്തു വാങ്ങുന്നതിനു കൊണ്ടുവന്ന പണം ഇടനിലക്കാരനായി നിന്നയാള്‍ തട്ടിയെടുത്തതായി പരാതി. കോഴിക്കോട് സ്വദേശി റഹിയാസ് എന്ന 55 കാരനാണു തന്‍റെ പത്ത് ലക്ഷം രൂപ ഇടനിലക്കാരനായി വന്നയാള്‍ തട്ടിയെടുത്തു എന്ന് കാണിച്ച് നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കിയത്.

നെടുമങ്ങാട് കോടതിയിലെ ഒരു വക്കീലില്‍ നിന്ന് രണ്ടര സെന്‍റ് വസ്തു വാങ്ങാനായി സുഹൃത്തായ മണക്കാട് സ്വദേശിക്കൊപ്പമാണ് റഹിയാസ് നെടുമങ്ങാട്ട് എത്തിയത്. വക്കീലിനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ സമയത്ത് വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഒരാള്‍ എത്തി കൊല്ലങ്കാവ് സ്കൂളിനടുത്ത് രണ്ടര ഏക്കര്‍ റബ്ബര്‍ തോട്ടം വില്‍ക്കാനുണ്ടെന്നും അത് കാണിക്കാമെന്നും പറഞ്ഞു.

ഇതനുസരിച്ച് ഇവര്‍ കാറില്‍ കൊല്ലങ്കാവിലെത്തി. എന്നാല്‍ അവിടെ നിന്നിരുന്ന ആറുപേര്‍ റഹിയാസിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയും കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍ പരാതിയില്‍ ദുരൂഹതയുണ്ടെന്നും കോഴിക്കോട് സ്വദേശി നെടുമങ്ങാട്ട് സ്ഥലം വാങ്ങാന്‍ എത്തി എന്നു പറയുന്നതില്‍ പൊരുത്തക്കേടുണ്ട് എന്നുമാണ് പരാതിയെ കുറിച്ച് അന്വേഷിക്കുന്ന നെടുമങ്ങാട് സി ഐ സ്റ്റുവര്‍ട്ട് കീലര്‍ പറയുന്നത്. കേസിനെ കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക