41 സ്വര്‍ണ്ണം; കേരളം അമ്പരപ്പിക്കുന്ന കുതിപ്പില്‍

വെള്ളി, 13 ഫെബ്രുവരി 2015 (14:03 IST)
ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണവേട്ട 41ല്‍ എത്തി. ദേശീയ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സിലും തയ്ക്വാന്‍ഡോയിലും സ്വര്‍ണ്ണം നേടിയാണ് കേരളം 41 സ്വര്‍ണ്ണം സ്വന്തം അക്കൌണ്ടില്‍ കൂട്ടിച്ചേര്‍ത്തു. മിക്സഡ് ഡബിള്‍സില്‍   അപര്‍ണാ ബാലന്‍- അരുണ്‍ വിഷ്ണു സഖ്യമാണ് സ്വര്‍ണം നേടിയത്. തയ്ക്വാന്‍ഡോ സീനിയര്‍ പെണ്‍കുട്ടികളുടെ 67 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ വി.രേഷ്മയാണ് സ്വര്‍ണം നേടിയത്. തയ്ക്വാന്‍ഡോയില്‍ കേരളത്തിന്റെ രണ്ടാം സ്വര്‍ണമാണിത്. 
 
ഇന്ന് രാവിലെ വനിതകളുടെ 200 മീറ്റര്‍ കയാക്കിങ് ടീമിനത്തിലും കനൂയിങ് 200 മീറ്റര്‍ വ്യക്തിഗത ഇനത്തിലും കേരളം സ്വര്‍ണം നേടിയിരുന്നു.  കനൂയിങ് 200 മീറ്ററില്‍ നിത്യ കുര്യാക്കോസാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. നിത്യയുടെ മൂന്നാം സ്വര്‍ണമായിരുന്നു ഇത്. ഇതൊശ്ശ്ടെ കേരളത്തിന്റെ സ്വര്‍ണ്ണ നേട്ടം 38 ആയി. പിന്നാലെ ബാഡ്മിന്റസ്ണ്‍ മിക്സഡ് ഡബിള്‍സിലും, സിംഗിള്‍സിലും, തയ്ക്വാന്‍ഡോയിലും കേരളത്തിന്റെ താരങ്ങള്‍ സ്വര്‍ണ്ണം നേടുകയായിരുന്നു. വനിതാ സിംഗിള്‍സില്‍ പിസി തുളസിക്കാണ് സ്വര്‍ണം ലഭിച്ചത്.
 
ഫൈനലില്‍ ഋതുപര്‍ണ ദാസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തുളസി തോല്‍പിച്ചത് (21-18, 21-18). തെലങ്കാനയുടെ കെ.തരുണ്‍- സിക്കി റെഡ്ഡി ടീമിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണു മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണ്ണം നേടിയത്. തയ്ക്വാന്‍ഡോയില്‍ മണിപ്പൂരിന്റെ ലാല്‍ റിംപുലേലെയാണ് രേഷ്മ തോല്‍പ്പിച്ചത്. ആദ്യ റൌണ്ട് 5-2ന് സ്വന്തമാക്കിയ രേഷ്മ രണ്ടും മൂന്നും റൌണ്ടുകള്‍ 9-3, 13-4 എന്ന സ്കോറിന് സ്വന്തമാക്കി. തുടക്കം മുതല്‍ ലീഡ് നേടിയാണ് രേഷ്മ കളിച്ചത്. കാണികളുടെ പിന്തുണയ്ക്കൊപ്പം രേഷ്മയും ഇടിച്ചു കയറിയപ്പോള്‍ കേരളത്തിന് സ്വര്‍ണം പിറന്നു. സെമിയില്‍ ഹരിയാനയെ പരാജയപ്പെടുത്തിയാണ് രേഷ്മ ഫൈനലില്‍ കടന്നത്. 
 
ഇന്ന് പന്ത്രണ്ട് ഫൈനലിലാണ് കേരളം മത്സരിക്കുന്നത്. പന്ത്രണ്ടും മെഡല്‍ പ്രതീക്ഷയുള്ളതായതിനാല്‍ കേരളം ഇത്തവണ അഞ്ചു സ്വര്‍ണ്ണമെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ സര്‍വീസസില്‍ നിന്ന് കടുത്ത വെല്ലുവിളിയാണ് കേരളത്തിനുള്ളത്. മെഡല്‍ പട്ടികയില്‍ സര്‍വീസസ് ആണ് ഒന്നാമത്. 81 സ്വര്‍ണ്ണവുമായി അപ്രാപ്യമായ ലീഡാണ് സര്‍വീസസിനുള്ളത്, കേരളം 41 സ്വര്‍ണവുമായി രണ്ടാം സ്ഥാനത്തും. രണ്ടാം സ്ഥാനത്തിന് ഇനി ഇളക്കമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക