അപകീര്‍ത്തികരമായ പ്രസ്താവന: പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്കെതിരേ കേസ്

വെള്ളി, 21 നവം‌ബര്‍ 2014 (08:12 IST)
നാദാപുരത്ത് എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഇരയ്ക്കും കുടുംബത്തിനും അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫിക്കെതിരേ കേസ്. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനും തെളിവ് മായ്ക്കാന്‍ ശ്രമിച്ചതിനും കേസ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനുമാണ് കേസ്. 
 
പെണ്‍കുട്ടിയേയും കുടുംബത്തെയും അവഹേളിക്കുന്ന വിവാദ പ്രസ്താവന നടത്തിയ സഖാഫിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സുന്നി യുവജനസംഘം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ക്രൂരമായി ഉപദ്രവിക്കപ്പെട്ട ബാലികയെ വീണ്ടും വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുകയാണ്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് വരുത്തി തീര്‍ക്കുകയുമാണ്‌ ലക്ഷ്യമെന്നും സുന്നി വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
 
കൂടാതെ തെളിവ് നശിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിച്ചെന്നും പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. തികച്ചു അവഹേളനാപരമായ പ്രതികരണം നടത്തുകയും നാലരവയസുള്ള കുട്ടി പീഡനത്തിനു ഇരയായിരുന്നുവെങ്കില്‍ മരിച്ചു പോവുകയോ, ബോധരഹിതയാവുകയോ നിലവിളിക്കുകയോ ചെയ്യുമായിരുന്നില്ലേയെന്ന് പരിഹസിക്കുകയും ചെയ്തതാണ് സഖാഫിയെ വിവാദത്തിലാക്കിയത്. പ്രസംഗത്തില്‍ കുട്ടിയേയും കുടുംബാംഗങ്ങളെയും അങ്ങേയറ്റം പരിഹസിച്ചു കൊണ്ടുള്ള സഖാഫിയുടെ വാക്കുകള്‍ക്കെതിരേ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക