മകൻ ശ്വാസം മുട്ടി മരിച്ച കേസിൽ പിതാവിന് അഞ്ചു വർഷം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍
ശനി, 22 ഒക്‌ടോബര്‍ 2022 (18:28 IST)
ആലപ്പുഴ: വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്ന മകന്റെ ശബ്ദം അടുത്തുള്ള വീടുകളിൽ കേൾക്കാതിരിക്കാനായി പിതാവ് മകന്റെ മുഖം പൊത്തിപ്പിടിച്ചപ്പോൾ ശ്വാസം മുട്ടി മകൻ മരിച്ച സംഭവത്തിൽ പിതാവിനെ കോടതി അഞ്ചു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ആലപ്പുഴ പഴവീട് തേജസ് നഗറിൽ പനച്ചിക്കാട് മഠത്തിൽ വാടകയ്ക്ക് താമസം വിഷ്ണു എന്ന 63 കാരനെയാണ് കോടതി ശിക്ഷിച്ചത്. മകൻ വിനോദാണ് (35) മരിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.ഭരത് ആണ് ശിക്ഷിച്ചത്.

പിതാവും മകനും ഒരുമിച്ചിരുന്നായിരുന്നു മദ്യപിക്കുന്നത്. എന്നാൽ മദ്യപിച്ചാൽ മകൻ ബഹളം വയ്ക്കും. ഇത് മറ്റുള്ളവർക്ക് ശല്യമായതോടെ ഇവരെ പല വാടക വീടുകളിൽ നിന്നും ഇറക്കിവിട്ടിരുന്നു. വിനോദിന്റേത് അസ്വാഭാവിക മരണം എന്ന നിലയ്ക്കായിരുന്നു ആദ്യം കേസെടുത്തത്.

എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. കുടുംബ അംഗങ്ങളെയും അയൽക്കാരെയും ചോദ്യം ചെയ്തതോടെയാണ് പിതാവിനെ പ്രതിയാക്കിയത്. വിനോദിന്റെ മാതാവിന്റെ മൊഴിയും വിഷ്ണുവിന് വിനയായി.   

അനുബന്ധ വാര്‍ത്തകള്‍

Next Article