മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളിയുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ പുഴക്കടവില്‍ കണ്ടെത്തി

Webdunia
ഞായര്‍, 29 മെയ് 2016 (16:31 IST)
മകന്‍ കൊലപ്പെടുത്തിയ പ്രവാസി മലയാളിയായ ജോയി ജോണിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തി. പമ്പയാറ്റിലെ പ്രയാര്‍ ഇടക്കടവിന് സമീപത്തു നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒരു കൈയുടെ ഭാഗങ്ങള്‍ ലഭിച്ചത്. ഇത് കൊല്ലപ്പെട്ട ജോയിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്.
 
മകന്‍ ഷെറിന്‍ ജോണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. രാവിലെ ഇയാള്‍ പറഞ്ഞ സ്ഥലത്തെല്ലാം തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.
 
കാറില്‍ വെച്ചാണ് ജോയിയെ കൊലപ്പെടുത്തിയതെന്നും അല്ല തന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വെച്ചാണ് കൊലനടത്തിയതെന്നും ഷെറിന്‍ പറയുന്നുണ്ട്. ഇയാള്‍ക്ക് ശരിയായി മലയാളം പറയാന്‍ കഴിയാത്തതും പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
 
കൊലപാതകത്തിനുശേഷം ജോയിയുടെ ശരീരം 20 ലീറ്റർ പെട്രോൾ ഉപയോഗിച്ച് കത്തിച്ചുവെന്നാണ് ഷെറിൻ മൊഴിനൽകിയത്. എന്നാൽ ഇത്രയും പെട്രോള്‍ ഉപയോഗിച്ചാൽ വലിയ അഗ്നിബാധ ഉണ്ടാകും. അതിനാല്‍ 20 ലിറ്റർ പെട്രോൾ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. തിരച്ചില്‍ തുടരുകയാണ്.
Next Article