മൂന്നാര്‍ ‍സമരം ന്യായം, സര്‍ക്കാര്‍ ഉടന്‍ ഇടപെടണം: സുധീരന്‍

വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (19:24 IST)
മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ ഏഴ് ദിവസമായി തുടരുന്ന സമരം ന്യായമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം, സമരം ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പ്രശ്‌നം ചര്‍ച്ചയിലൂടെ എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കും. നിലവിലെ സാഹചര്യത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാരും തൊഴിലാളികളുമായി ഞായറാഴ്‌ച ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാര്‍ ‍സമരത്തെ സര്‍ക്കാര്‍ അതീവ ഗൌരവത്തോടെ കാണുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതുവരെ കാണാത്ത സമരരീതിയാണ് മൂന്നാറിലേത്. മൂന്നാര്‍ സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്ന് പരിശോധിച്ച് വരികയാണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍, തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാന്‍ കളക്ടര്‍ വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. ബിജിമോൾ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കണ്ണൻ ദേവൻ കമ്പനി പ്രതിനിധികളറിയിച്ചു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് ജില്ലാ കലക്ടർ സർക്കാരിന് സമർപ്പിക്കും.

വെബ്ദുനിയ വായിക്കുക