മൂന്നാര്‍ സമരം പൊട്ടിത്തെറിയിലേക്ക് നീങ്ങിയേനെ‌: ചെന്നിത്തല

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (16:40 IST)
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം സമാധാനപരമായി കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. ഏതു നിമിഷവും പൊട്ടിത്തെറിയിലേയ്ക്കോ വെടിവെപ്പിലേക്കോ പോകുമായിരുന്ന സമരം സമാധാനമായി നടത്താന്‍ സഹായിച്ചത് പൊലീസാണ്.

സമരം ഗുരുതരമാക്കാനും ചിലര്‍ ശ്രമിച്ചു. എന്നാല്‍ പൊലീസിന്റെ പക്വതയും, കരുതലും അത്തരം സ്ഥിതിവിശേഷം ഇല്ലാതാക്കിയെന്നും പൊലീസ് എന്നും സമാധാനപരമായ ജനകീയ സമരങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഫേസ്‌ബുക്കിന്റെ പുര്‍ണ്ണ രൂപം:-

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം സമാധാനപരമായി പര്യവസാനിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വളരെ ജാഗ്രതയോടെയും പക്വതയോടെയുമാണ്‌ സമരഭൂമിയില്‍ പൊലീസ് നില കൊണ്ടത്. സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ അവിടെ സമരോല്‍സുകരായി സമ്മേളിക്കുമ്പോള്‍ എന്തും സംഭവിക്കാമായിരുന്നു. എന്നാല്‍ പൊലീസ്എന്നും ജനപക്ഷത്താണ് നിലകൊള്ളേണ്ടതെന്ന് ഉറച്ച്‌ വിശ്വസിക്കുന്നത്‌ കൊണ്ട്‌ വളരെ പക്വതയോടെയും, കരുതലോടെയുമുള്ള നിലപാട്‌ സ്വീകരിക്കണമെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്നതും വെടിവയ്പിലേക്ക് പോലും നയിക്കാവുന്നതുമായ വളരെ പ്രക്ഷുബ്ധമായ അന്തരീക്ഷമാണ് കഴിഞ്ഞ ഒരാഴ്ചയായി മൂന്നാറിലുണ്ടായിരുന്നത്. പ്രശ്‌നം ഗുരുതരമാക്കാനുള്ള ശ്രമവുംചില ഭാഗങ്ങളില്‍ നിന്നുണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ പക്വതയും, കരുതലും അത്തരം സ്ഥിതിവിശേഷം ഇല്ലാതാക്കിയെന്ന് മാത്രമല്ല പൊലീസ് എന്നും സമാധാനപരമായ ജനകീയ സമരങ്ങള്‍ക്കൊപ്പമായിരിക്കും എന്ന വ്യക്തമായ സന്ദേശം നല്‍കാനും കഴിഞ്ഞു. ഈ വിഷയം ഭംഗിയായി കൈകാര്യം ചെയ്ത ഇടുക്കി ജില്ലാ പൊലീസ് ചീഫ്, ഡി വൈഎസ് പി മാര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ പൊലീസ് ഉദ്യേഗസ്ഥരെയും ഞാന്‍ അഭിനന്ദിക്കുന്നു.

വെബ്ദുനിയ വായിക്കുക