മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് നിരീക്കാന്‍ സംയുക്ത പരിശോധന നടത്താനായി രൂപീകരിച്ച ഉപസമിതി അട്ടീമറിക്കാന്‍ തമിഴ്നാട് കരുക്കള്‍ നീക്കുന്നു. ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തുന്നതിനാണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും രണ്ട് വീതം പ്രതിനിധികളെ ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിച്ചത്. എന്നാല്‍ തമിഴ്നാടിന്റെ പ്രതിനിധിയുടെ നിസഹകരണം പ്രിശോധനയെ ബാധിക്കുന്നുണ്ട്.
മൂന്ന് മാസത്തിനിടെ ഉപസമിതി ഡാം സന്ദര്‍ശിച്ചത് നാല് തവണ മാത്രം. ഒക്ടോബര്‍ 30നായിരുന്നു അവസാന പരിശോധന നടന്നത്. ആശങ്ക വര്‍ധിപ്പിച്ച് മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുമ്പോഴും തമിഴ്നാട് പ്രതിനിധികള്‍ നിസഹകരണം തുടരുകയാണ്. അതിനിടെ ഉപസമിതി പിരിച്ചുവിടാനായി തമിഴ്നാട് കരുക്കള്‍ നീക്കുവാനും ആരംഭിച്ചിരിക്കുന്നതായാണ് വിവരം.
കേന്ദ്ര ജലകമ്മിഷന്‍ അംഗത്തിന്റെ അസൌകര്യവും തമിഴ്നാടിന്റെ നിസഹകരണവും മൂലം പരിശോധന പല തവണ തടസപ്പെട്ടത് മറച്ചുവച്ച് പരിശോധന്‍ നടക്കുന്നില്ല എന്ന് ചുണ്ടിക്കാട്ടി ഉപസമിതി പിരിച്ചുവിടാനാണ് തമിഴ്നാടിന്റെ ശ്രമം. അണക്കെട്ടില്‍ നിന്ന് ദിനംപ്രതി നഷ്ടപ്പെടുന്ന സുര്‍ക്കിയുടെയും സീപ്പേജ് വെള്ളത്തിന്റെയും അളവ് കേരളം ഉപസമിതിയുടെ സംയുക്ത ജലപരിശോധനയിലൂടെ കൈക്കലാക്കി. കൂടുതല്‍ സ്ഥലങ്ങളില്‍ ചോര്‍ച്ച കണ്ടെത്തുകയും ചെയ്തു. വര്‍ഷങ്ങളായി മറച്ചുവച്ച ഈ വിവരങ്ങള്‍ പുറംലോകമറിഞ്ഞതാണ് തമിഴ്നാടിനെ ചൊടിപ്പിച്ചത്.
പരിശോധന വിവരങ്ങള്‍ കേരള പ്രതിനിധികള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നുവെന്നും ഉപസമിതി പിരിച്ചുവിടണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടതും ഇക്കാരണത്താലാണ്. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ചെയര്‍മാന്‍ എല്‍എവി നാഥനെ കഴിഞ്ഞ യോഗത്തില്‍ ഇക്കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതോടെ പരിശോധന വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്നും ഉപമസിതിയംഗങ്ങള്‍ക്ക് മേല്‍നോട്ട സമിതി ചെയര്‍മാന്‍ താക്കീത് നല്‍കിയിട്ടുണ്ട്.
അണക്കെട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേരളവും പുറംലോകവുമറിയരുതെന്ന ലക്ഷ്യമാണ് നീക്കത്തിനു പിന്നില്‍. ഉപസമിതി പിരിച്ചുവിടുകയാണെങ്കില്‍ ഡാമിന്റെ പൂര്‍ണ്ണ നിയന്ത്രണം തമിഴ്നാടിന്റെ കൈയ്യിലാകും. പിന്നീട് കേരളത്തിന് അവിടെ നടക്കുന്നതൊന്നും അറിയാന്‍ സാധിക്കാതെ വരും.