മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാനാളില്ല; ശശി തരൂരിന്റെ ആരോപണം ശരിവച്ച് കെപിസിസി പ്രസിഡന്റ്
ശനി, 13 ഏപ്രില്‍ 2019 (13:36 IST)
തിരുവനന്തപുരത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാർട്ടി സജീവമല്ലെന്ന ശശി തരൂരിന്റെ പരാതി ശരിവച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
തിരുവനന്തപുരത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. പ്രചാരണത്തിലെ ന്യൂനതകൾ വിലയിരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മണ്ഡലത്തില്‍ എത്തും. കാര്യങ്ങൾ മനസിലാക്കിയ ശേഷം കൃത്യമായ നിർദേശങ്ങൾ ജില്ലാ നേതൃത്വത്തിന് നൽകും.
ന്യൂനതകള്‍ പരിഹരിച്ച് എത്രയും പെട്ടന്ന് മുന്നോട്ട് പോകാന്‍ സ്ഥാനാര്‍ഥിക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു തരത്തിലും തിരുവനന്തപുരത്തെ സീറ്റ് വിട്ടുകൊടുക്കാൻ യുഡിഎഫിന് കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നു എന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് കെപിസിസി അധ്യക്ഷന്‍ നടത്തിയിരിക്കുന്ന പരാമര്‍ശം.