തമിഴ്‌നാടിന് തിരിച്ചടി; പൊലീസ് ഉണ്ടെങ്കിൽ കേന്ദ്രസേന എന്തിന് - സുപ്രീംകോടതി

വെള്ളി, 7 ഓഗസ്റ്റ് 2015 (11:33 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച ഹര്‍ജിയില്‍ തമിഴ്‌നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സുരക്ഷയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ നിയോഗിച്ചുവെങ്കില്‍ പിന്നെ കേന്ദ്രസേനയുടെ ആവശ്യം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.

അണക്കെട്ടിന്റെ സുരക്ഷയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ നിയോഗിച്ചുവെങ്കില്‍ പിന്നെ കേന്ദ്ര സേനയുടെ ആവശ്യം എന്താണ്. എല്ലാത്തിനും കേന്ദ്ര സേന വേണമെന്ന ആവശ്യം മോശമായ രീതിയാണ്. സുരക്ഷയ്‌ക്കായി ഒരു പ്രത്യേക പൊലീസ് സ്റ്റേഷൻ തന്നെ സ്ഥാപിക്കാന്‍ കേരളം തീരുമാനിച്ചിരിക്കുന്നു ഈ സാഹചര്യത്തില്‍ എന്തിനാണ് കേന്ദ്രസേനയെന്നും സുപ്രീംകോടതി ചോദിച്ചു.

എന്നാൽ, ഡാമിന് നൽകുന്ന സുരക്ഷയിൽ ആശങ്കയുണ്ടെന്ന് തമിഴ്നാട് വ്യക്തമാക്കി. മറുപടി നൽകാൻ സമയം വേണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

ദേശീയ സുരക്ഷ അപകടത്തിലാക്കുന്ന വിധത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട് രാഷ്ട്രീയവത്കരിക്കുകയാണെന്ന് കേരളം ആരോപിച്ചിരുന്നു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയില്‍ കേരളം സംശയം പ്രകടിപ്പിച്ചിരുന്നു. എല്‍. ടി.ടി.ഇ.യുടെ ഭാഗത്തുനിന്നുള്ള ഭീഷണി ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാനുള്ള കേരളത്തിന്റെ നിക്കത്തിന് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിയായിരുന്നു. പുതിയ അണക്കെട്ടിനായി കേരളം സമര്‍പ്പിച്ച അപേക്ഷ കേന്ദ്രസർക്കാർ തള്ളിയ കേന്ദ്രം തമിഴ്‌നാടിന്റെ ആവശ്യത്തോട് യോജിക്കുകയായിരുന്നു. പ്രദേശത്ത് കേരളം പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വെബ്ദുനിയ വായിക്കുക