സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ നിന്ന് മുല്ലപ്പള്ളി വിട്ടുനിന്നു: വിട്ടുനിന്നത് മനപൂര്‍വ്വമെന്ന് മുല്ലപ്പള്ളി; തന്നെ വേണ്ടാത്തവര്‍ക്കൊപ്പം യാത്ര നടത്തേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി

ഞായര്‍, 10 ജനുവരി 2016 (15:02 IST)
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിന്നു. യാത്രയ്ക്ക് സ്വീകരണം നല്കുന്ന കേന്ദ്രങ്ങളിലെ എം പിമാരും എം എല്‍ എമാരും പരിപാടിയില്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് വടകര എം പിയായ മുല്ലപ്പള്ളി പരിപാടി ബഹിഷ്‌കരിച്ചത്.
 
കണ്ണൂര്‍ ചോമ്പാലയിലെ വീട്ടില്‍ ഉണ്ടായിട്ടും ജനരക്ഷായാത്രയ്ക്ക് വടകരയില്‍ നല്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാതെ മുല്ലപ്പള്ളി വിട്ടു നില്‍ക്കുകയായിരുന്നു. അതേസമയം, താന്‍ മനപൂര്‍വ്വം പരിപാടിയില്‍ നിന്ന് വിട്ടുനിന്നതാണെന്ന് മുല്ലപ്പള്ളി മനോരമ ന്യൂസിനോട് പറഞ്ഞു. തന്നെ വേണ്ടാത്ത പാര്‍ട്ടിക്കാരോടൊപ്പം യാത്ര നടത്തേണ്ട കാര്യമില്ല, പാര്‍ട്ടി പുനസംഘടനയില്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
 
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇല്ലാതാക്കാനാണ് സുധീരനെ കെ പി സി സി അധ്യക്ഷനാക്കിയത്. എന്നാല്‍, മൂന്നാം ഗ്രൂപ്പ് ഉണ്ടാക്കുകയാണ് സുധീരന്റെ ലക്‌ഷ്യം. ഡി സി സി പുനഃസംഘടനയിൽ അത് വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം, ഡി സി സി പുനസംഘടനയില്‍ മുല്ലപ്പള്ളി നിര്‍ദ്ദേശിച്ചവര്‍ക്ക് വേണ്ട പരിഗണന നല്‌കാത്തതാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക