വീട്ടില്‍ നിരന്തരം കലഹമുണ്ടാക്കുകയും അമ്മയെ ഉപദ്രവിക്കുകയും ചെയ്യുന്നതിനാല്‍ മൂത്ത സഹോദരനെ അനുജന്‍ കൊലപ്പെടുത്തി. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നാണ് സഹോദരനെ കുത്തിക്കൊന്നത്. കൊലപാതകത്തിന് സഹായിച്ച കൂട്ടുകാര്‍ക്ക് പ്രതിഫലമായി 20,000 രൂപ നല്കുകയും ചെയ്തു. കൊലപാതകം നടത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റു ചെയ്തു.
മരിച്ച യുവാവിന് 47 തവണയാണ് കുത്തേറ്റത്. യുവാവിന്റെ ഫോണില്‍ വന്ന അവസാനത്തെ കോള്‍ പിന്തുടര്‍ന്നാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. കുട്ടികളില്‍ ഒരാളാണ് യുവാവിനെ അവസാനമായി വിളിച്ചത്. മദ്യപിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ഒരു പാര്‍ക്കിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ വീടിനു സമീപത്തായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, സഹോദരനെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ലെന്നും വീട്ടില്‍ മറ്റുള്ളവരെ ഇയാള്‍ ഉപദ്രവിക്കുമായിരുന്നെന്നും ഇളയസഹോദരന്‍ പൊലീസിനോട് പറഞ്ഞു. ഇതാണ് കൂട്ടുകാരെ കൂട്ടുപിടിച്ച് സഹോദരനെ കൊല്ലാന്‍ കാരണമായതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണ്‍ ഒരു മാലിന്യക്കുഴിയില്‍ ഇടുകയും ചെയ്തു. എന്നാല്‍, മറ്റ് രണ്ടു പേരറിയാതെ കൂട്ടത്തിലൊരാള്‍ അത് എടുക്കുകയായിരുന്നു. ഇതാണ് ഇവരുടെ അറസ്റ്റിനു വഴിവെച്ചത്.