ഇനി മോഹന്‍ലാല്‍ എട്ടാം ക്ലാസില്‍ പഠിപ്പിക്കും, സിനിമയിലല്ല ശരിക്കും...!
വെള്ളി, 12 ജൂണ്‍ 2015 (18:14 IST)
ഒടുവില്‍ മോഹന്‍ലാലും പാഠപുസ്തകത്തിന്റെ ഭാഗമായി. എട്ടാം ക്ലാസ് ബയോളജി പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പിലാണ് മോഹന്‍ലാല്‍ അഭിനയിച്ച തന്മാത്രയിലെ ദൃശ്യങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. പാഠപുസ്തകത്തിലെ അഞ്ചാമത്തെ അധ്യായത്തിലാണ് ഈ ദൃശ്യങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. എന്താണ് അല്‍ഷിമേഴ്സ് എന്ന് മോഹന്‍ലാല്‍ തന്‍മാത്ര എന്ന സിനിമയില്‍ വിശദീകരിക്കുന്ന ഭാഗമാണ് പാഠപുസ്തകത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്.
ചില വിഷയങ്ങള്‍ ചിലര്‍ക്ക് പഠിക്കാന്‍ സാധിക്കില്ല. എന്നാല്‍ അതെ വിഷയം പഠിപ്പിക്കാന്‍ നൂറിലധികം വഴികളുണ്ട്. അതിനാല്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അവരെ പഠിപ്പിക്കുന്നതിനാണ് അവരുടെ പ്രിയൊപ്പെട്ട താരത്തെ പാഠപുസ്തകത്തില്‍ എത്തിച്ചതെന്ന് ഐടി അറ്റ് സ്കൂളിന്റെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ നൌഫല്‍ കെ ടി പറയുന്നു.
ഒന്നുമുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ പാഠങ്ങളും ഇപ്പോള്‍ ഡിജിറ്റലാക്കിയിട്ടുണ്ട്. ഐടി അറ്റ് സ്കൂളിന്റെ വെബ്സൈറ്റില്‍ ഇവ ലഭ്യമാണ്. മോഹന്‍ലാലിനെ ഉപയോഗിച്ചതുപോലെ തന്നെ പല വിഷയങ്ങളിലും കേരളത്തിലെ പ്രമുഖ ആളുകളുടെ വിശദീകരണങ്ങളും പല വിഷയങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഗ് മാധവന്‍ നായര്‍, സിവില്‍ സര്‍വീസ് ഓഫീസറായ നളിനി നെറ്റോ, മന്ത്രി കെഎം മുനീര്‍ എന്നിവരും കുട്ടികളെ പഠിപ്പിക്കാന്‍ ഇതില്‍ ഉണ്ട്. അതേപോലെ നടന്‍ ജയറാമിനെ ആനകളെ ക്കുറിച്ചുള്ള ഭാഗങ്ങള്‍ക്കായി പങ്കുചേര്‍ക്കാനും ഐടി അറ്റ് സ്കൂള്‍ ആലോചിക്കുന്നുണ്ട്.