യഥാർഥത്തിൽ പീഡനത്തിന്റെ പേരിൽ ആക്ഷേപം കേൾക്കുന്നത് കോൺഗ്രസുകാരാണ്, കമ്യൂണിസ്റ്റുകാരല്ല; എം എം മണി

ഞായര്‍, 30 ഏപ്രില്‍ 2017 (10:31 IST)
പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാൻ താന്‍ ഇടപെടില്ലെന്ന് മന്ത്രി എം.എം. മണി. യുഡിഎഫും ബിജെപിയും ആം ആദ്മി പാർട്ടിയും മാധ്യങ്ങളുമാണ് ആ സമരം തുടങ്ങിയത്. ഇത്രയൊക്കെ ആയിട്ടും അവര്‍ വീണ്ടും സമരം തുടരുന്നത് കഷ്ടമാണെന്നും മണി പറഞ്ഞു.
 
കഴിഞ്ഞ ദിവസം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ച പ്രവർത്തകർ, റിലേ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചിരുന്നു. ഈ സമരത്തിന് പിന്തുണയര്‍പ്പിച്ച് ആം ആദ്മി പാർട്ടി, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും രംഗത്തുണ്ട്. തുടര്‍ന്നാണ് മണിയുടെ വിശദീകരണം. 
 
യഥാർഥത്തിൽ സ്ത്രീ പീഡനങ്ങള്‍ നടത്തുന്നത് കോൺഗ്രസുകാരാണ്. സോളർ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവർ ഓരോരുത്തരും കാട്ടിക്കൂട്ടിയതെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാക്കൾ പോലും വലിയ സ്ത്രീ പീഡനത്തിന്റെ ആളുകളാണെന്നും മണി പറഞ്ഞു.  
 
ഒരു കമ്യൂണിസ്റ്റ് നേതാക്കളും ഇത്തരത്തിൽ സ്ത്രീപീഡനത്തിന്റെ പേരിൽ ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി ചൂണ്ടിക്കാട്ടി. മൂന്നാർ കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെയും മണി വിമർശിച്ചു.

വെബ്ദുനിയ വായിക്കുക