മിഹിറിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ കൂടുതല്‍ പരാതികള്‍, എന്‍ഒസി ഇതുവരെയും ഹാജരാക്കിയില്ല, നടപടി ഉറപ്പെന്ന് വിദ്യഭ്യാസ മന്ത്രി

അഭിറാം മനോഹർ

തിങ്കള്‍, 10 ഫെബ്രുവരി 2025 (14:20 IST)
ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യയെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. മിഹിറിന്റെ അനുഭവം ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഉണ്ടായതായി നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതുവരെയും സ്‌കൂള്‍ എന്‍ഒസി സമര്‍പ്പിച്ചിട്ടില്ലെന്നും വിദ്യഭ്യാസ മന്ത്രി പറഞ്ഞു.
 
 സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ പൊതുവിദ്യഭ്യാസവകുപ്പിന്റെ എന്‍ഒസി ആവശ്യമാണ്. ഇന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തുന്നത് ബാലാവകാശ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകും. മിഹിറിന്റെ അനുഭവം മറ്റ് കുട്ടികള്‍ക്കും ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ മകന് സ്‌കൂളില്‍ നിന്നും ക്രൂരമായ പീഡനം നേരിടേണ്ടി വന്നെന്നും അവനെ ആത്മഹത്യയുടെ വക്കിലെത്തിച്ചെന്നും പരാതി പറഞ്ഞിട്ടും ആ പരാതി അവഗണിച്ചെന്നും മകനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തെന്നും ഒരു പിതാവ് പറഞ്ഞു.
 
ഗ്ലോബല്‍ പബ്ലിക്‌സ് സ്‌കൂളിന്റെ എന്‍ഒസി അടിയന്തിരമായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതരോടും വിദ്യഭ്യാസ ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. അത് വാങ്ങേണ്ട ഉത്തരവാദിത്തം അതാത് ഡിഇഒമാര്‍ക്കാണ്. അവര്‍ അടുത്ത അക്കാദമിക വര്‍ഷത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. മിഹിറിന്റെ സംഭവം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍