പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾ കുറയുന്നത് ജനനനിരക്കിലെ ഇടിവ് കാരണമെന്ന് മന്ത്രി വി ശിവൻകുട്ടി

അഭിറാം മനോഹർ

വെള്ളി, 25 ഒക്‌ടോബര്‍ 2024 (09:15 IST)
പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നത് ജനസംഖ്യാവളര്‍ച്ചയിലുണ്ടായ ഇടിവിനെ തുടര്‍ന്നാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജനനനിരക്കിലെ കുറവ് വിദ്യാര്‍ഥികളുടെ എണ്ണത്തെയും ബാധിച്ചിടുണ്ട്. 2009ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 5.5 ലക്ഷം ജനനങ്ങളായിരുന്നു. ഇവര്‍ 2014ലാണ് സ്‌കൂളിലെത്തിയത്. ഇപ്പോള്‍ ഒന്നാം ക്ലാസിലുള്ളവര്‍ 2019ല്‍ ജനിച്ചവരാണ്. 2019ലെ ജനന രജിസ്റ്റര്‍ പ്രകാരം 2019ല്‍ ജനിച്ച കുട്ടികളുടെ എണ്ണം 4.8 ലക്ഷമാണ്. 2009നെ അപേക്ഷിച്ച് 70,000 കുട്ടികളുടെ കുറവ് ജനനത്തില്‍ ഉണ്ടായി. മന്ത്രി പറഞ്ഞു.
 
പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നുവെന്ന് പ്രചാരണം കണക്കുകളെ തെറ്റായി വ്യാഖ്യാനിക്കലാണ്. 2024 മാര്‍ച്ചില്‍ 4.03 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളായ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി അടുത്തഘട്ടം വിദ്യാഭ്യാസത്തിന് പോയി. 2024 ജൂണില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത് 2.51 ലക്ഷം കുട്ടികളാണ്. കേരളത്തില്‍ ജനിച്ച എല്ലാ കുട്ടികളും ഇവിടെ തന്നെ പഠിക്കണമെന്നില്ല. അതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍ ജനിച്ച കുട്ടികളും കേരളത്തില്‍ വരുന്നുണ്ട്. അതൊന്നും പരിഗണിക്കാതെ ആകെ കുട്ടികള്‍ ഈ വര്‍ഷത്തെ കുട്ടികള്‍ എന്ന നിലയില്‍ കണക്കുകൂട്ടിയത് ശാസ്ത്രീയമല്ല. മന്ത്രി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍