സഹോദരനെ കൊന്ന് ചാക്കിലാക്കി, മൃതദേഹവുമായി ബൈക്കില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതി അറസ്റ്റിൽ; സംഭവം കൊല്ലത്ത്

ബുധന്‍, 26 ജൂണ്‍ 2019 (10:49 IST)
മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി മറവ് ചെയ്യാന്‍ പോകുകയായിരുന്ന യുവതി പിടിയിൽ. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്. ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശിവകാശി സ്വദേശി കസ്തൂരിയാണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്.
 
സഹോദരന്‍ മൈക്കിള്‍ രാജിന്റെ മൃതദേഹവുമായിട്ടാണ് കസ്തൂരി ഭര്‍ത്താവ് മാസാണത്തിനും എട്ടുവയസുള്ള മകള്‍ക്കുമൊപ്പം ചെങ്ങന്നൂരിലേക്ക് പോയത്. ചെങ്ങന്നൂര്‍ പാണ്ടനാട്ടുള്ള വീടിന് സമീപത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
 
ബൈക്കിന് പിന്നിലിരുന്ന കസ്തൂരിയാണ് മൃതദേഹം പിടിച്ചിരുന്നത്. യാത്രയ്ക്കിടെ മൃതദേഹത്തിന്റെ കാല്‍ റോഡിലുരഞ്ഞ് പാദത്തില്‍ സാരമായി പരുക്കേറ്റിരുന്നു. യാത്രയ്ക്കിടെ കനത്ത മഴ വന്നതിനെ തുടര്‍ന്ന് മൃതദേഹം കടത്തിണ്ണയില്‍ കിടത്തി കസ്തൂരിയെ കാവല്‍ നിര്‍ത്തി ഭര്‍ത്താവ് കടന്നു കളഞ്ഞു.
 
ഏറെ സമയം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് രാത്രി തന്നെ കസ്തൂരി ചെങ്ങന്നൂരിലെ ബന്ധുക്കളെ വിളിച്ചു വരുത്തി. സംഗതി പന്തിയല്ലെന്ന് തോന്നിയതോടെ ബന്ധുക്കളും കടന്നു കളഞ്ഞു. ഇതിനിടെ കസ്തൂരി മൃതദേഹം ചുമന്ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
 
മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തങ്ങള്‍ കടത്തിണ്ണയില്‍ കഴിയുന്നവരാണെന്നും അസുഖം വന്നപ്പോള്‍ സഹോദരനെ ആശുപത്രിയിലെത്തിച്ചതാണെന്നുമാണ് കസ്തൂരി പൊലീസിനോട് പറഞ്ഞത്.
 
എന്നാല്‍ മൃതദേഹ പരിശോധനയില്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് കസ്തൂരിയെ കസ്റ്റഡിയിലെടുത്തത്. ചെങ്ങന്നൂര്‍ പൊലീസും ഓച്ചിറ പൊലീസും വിരലടയാള വിദഗ്ധരും ക്ലാപ്പനയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ശിവകാശി സ്വദേശികളായ മറ്റൊരു കുടുംബം ഇവിടെ നിന്ന് കടന്നു കളഞ്ഞിട്ടുണ്ട്.
 
യുവതിയെ പോലീസ് ചോദ്യംചെയ്തുവരികയാണ്. രാത്രിയോടെ കസ്തൂരിയെ ചെങ്ങന്നൂര്‍ പോലീസ് ഓച്ചിറ പോലീസിന് കൈമാറി. മൈക്കിള്‍രാജിന്റെ മൃതദേഹം ശിവകാശിയിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍