മാനസികരോഗിയുടെ മര്‍ദ്ദനമേറ്റു മാതാവു മരിച്ചു

ചൊവ്വ, 21 ജൂലൈ 2015 (18:49 IST)
മാനസിക രോഗിയായ മകന്‍റെ മര്‍ദ്ദനമേറ്റ മാതാവു മരിച്ചു. അഞ്ചാലുമ്മൂട് ഇഞ്ചവിള വഞ്ചിപ്പുഴ കിഴക്കതില്‍ സരോജം എന്ന 57 കാരിയാണു മകന്‍ അജി കുമാറിന്‍റെ (32) അടിയേറ്റു കൊല്ലപ്പെട്ടത്. അജിയെ പൊലീസ് പിടികൂടി.
 
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഇരുമ്പു പൈപ്പ്, കറിക്കത്ത് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിനിടെ തടസം പിടിക്കാന്‍ എത്തിയ ഇളയ സഹോദരന്‍ അനില്‍ കുമാറിനും ഇയാളുടെ എട്ടു മാസം പ്രായമുള്ള മകള്‍ക്കും പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
അനില്‍ കുമാറിനു കറിക്കത്തികൊണ്ടുള്ള വെട്ടേറ്റ് ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മാതാവിനെ പൈപ്പ് കൊണ്ട് മര്‍ദ്ദിച്ചത്. മുറ്റത്തു വീണുപോയ മാതാവിനു ഏറ്റ മര്‍ദ്ദനം മരണത്തില്‍ കലാശിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് അഞ്ചാലുമൂട് പൊലീസ് എത്തിയായിരുന്നു മാതാവിനെ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക