സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് 700 സീറ്റുകള്‍ നഷ്ടമാകും
വെള്ളി, 19 ജൂണ്‍ 2015 (10:05 IST)
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് 700 സീറ്റുകള്‍ നഷ്ടമാകും. 700 സീറ്റിലേക്ക് മെഡിക്കല്‍ കൌണ്‍സില്‍ പ്രവേശനം തടഞ്ഞു. അധ്യാപകരുടെ കുറവും അടിസ്ഥാന സൌകര്യങ്ങളില്ലാത്തതുമാണ് പ്രവേശനം തടഞ്ഞതിന് കാരണം. ഇതില്‍ 150 സീറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആണ്. സ്വകാര്യമേഖലയില്‍ 550 സീറ്റ് നഷ്ടമാകും .
സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി ആകെ 2950 എംബിബിഎസ് സീറ്റുകളാണുളളത് . ഇതില്‍ 9 സര്‍ക്കാര്‍ കോളേജുകളിലെ 1250 സീറ്റുകളില്‍ 150 എണ്ണത്തില്‍ പ്രവേശനം നടത്തരുതെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. 14 സ്വകാര്യമെഡിക്കല്‍ കോളേജുകളിലെ 1600 സീറ്റുകളില്‍ 550 സീറ്റുകളില്‍ പ്രവേശനം നടത്തരുതെന്നും നിര്‍ദേശമുണ്ട്.
ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 50 സീറ്റും പാലക്കാട് മെഡിക്കല്‍ കോളേജിന് 100 സീറ്റും നഷ്ടപ്പെട്ടു. ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 75 ശതമാനം അധ്യാപകരുടെ കുറവുണ്ട്. കിടത്തിചികിത്സയ്ക്ക് വേണ്ട സൗകര്യമില്ല. എക്‌സ്‌റേ യൂണിറ്റ് ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളുമില്ല .മുമ്പ് രണ്ടു തവണ നടത്തിയ പരിശോധനയിലും മെഡിക്കല്‍ കൗണ്‍സില്‍ അപര്യാപ്തതകള്‍ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. പാലക്കാട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അവസ്ഥയും ഇതു തന്നെ.