മന്ത്രി എം.ബി.രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ അതൃപ്തി. എലപ്പുള്ളി സ്പിരിറ്റ് നിര്‍മാണ പ്ലാന്റുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് വെല്ലുവിളിച്ചത്. എന്നാല്‍ ഇരുവരും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല. പ്രതിപക്ഷ നേതാക്കള്‍ രാജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കാത്തത് പാര്‍ട്ടിയെ നാണംകെടുത്താന്‍ കാരണമായെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനം.
ചെന്നിത്തലയും സതീശനും പേടിച്ചു പിന്മാറിയെന്നാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നത്. ഇത് എല്‍ഡിഎഫിന് കൂടുതല്‍ മൈലേജ് ഉണ്ടാക്കുകയും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. സംവാദത്തിനു വേറെ ആളെ വിടാമെന്ന ചെന്നിത്തലയുടെ പരാമര്‍ശവും ബൂമറാങ് ആയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.
അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുന്നത് രാജേഷ് തുടരുകയാണ്. സംവാദത്തിനു ചെന്നിത്തലയോ സതീശനോ വരുന്നതല്ലേ മര്യാദയെന്ന് രാജേഷ് ഫെയ്‌സ്ബുക്കില്‍ ചോദിച്ചു.
രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്നോടുള്ള സംവാദത്തിന് തനിക്ക് പകരം പാലക്കാട് എംപി പങ്കെടുക്കുമെന്ന് ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞതായി അറിഞ്ഞു. സ്പിരിറ്റ് നിര്‍മ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യം ആരോപണം ഉന്നയിച്ചത് ശ്രീ.രമേശ് ചെന്നിത്തലയാണ്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് ശ്രീ വി.ഡി.സതീശനും ആരോപണവുമായി രംഗത്തുവന്നു. ഇരുവരും മത്സരിച്ച് ആരോപണം ഉന്നയിക്കുകയും പിന്നീട് ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. സംവാദത്തിന് ഇവരില്‍ ആരെങ്കിലും വരുന്നതല്ലേ മര്യാദ?
ഞങ്ങള്‍ക്ക് പകരം വേറെ ഒരാളെ അയയ്ക്കാം എന്ന് പറയുന്നത് എന്ത് മര്യാദയാണ്? ഇവര്‍ രണ്ടുപേരും, ഇവര്‍ നിയോഗിക്കാം എന്ന് പറയുന്നയാളും ഒരുമിച്ച് വരട്ടെ. അതിനും വിരോധമില്ല.
വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍, അടിയന്തിര പ്രമേയം കൊണ്ടുവരാന്‍ ആദ്യം തന്നെ ഞാന്‍ വെല്ലുവിളിച്ചതാണ്. ചില ന്യായങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി. പിന്നീടുയര്‍ത്തിയ എല്ലാ വാദങ്ങളും പൊളിഞ്ഞു. ഒടുവില്‍ മഴവെള്ള സംഭരണി സാധ്യമാകില്ലെന്ന വാദം ഉയര്‍ത്തിയപ്പോള്‍, അഹല്യയിലെ മഴവെള്ള സംഭരണി സന്ദര്‍ശിക്കാനായി ഫെബ്രുവരി 17 ന് പോകാന്‍ പ്രതിപക്ഷ നേതാവിനെയും മുന്‍പ്രതിപക്ഷ നേതാവിനെയും വീണ്ടും ക്ഷണിച്ചു. തിങ്കളാഴ്ച അവിടം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷത്ത് നിന്ന് ഒരാള് പോലും വന്നില്ല. എനിക്കൊപ്പം അവിടെ വന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
ഈ സംഭവങ്ങള്‍ക്കും ശേഷമാണ്, തനിക്ക് പകരം മറ്റൊരാള്‍ ഗോദയില്‍ ഇറങ്ങുമെന്ന ഈ പുതിയ നമ്പര്‍. പകരം മറ്റൊരാളെ നിയോഗിക്കാന്‍ ഇത് മാമാങ്കമല്ലല്ലോ, സംവാദമല്ലേ?