Kerala Weather Updates: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

രേണുക വേണു

വ്യാഴം, 30 മെയ് 2024 (14:46 IST)
Kerala Weather Updates: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ഇടുക്കി, തൃശൂൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 
 
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.
 
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരും. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ആറ് ദിവസം കൂടി കേരളത്തില്‍ മഴ തുടരും. നിലവില്‍ അറബിക്കടലില്‍ കേരള തീരത്ത് മേഘങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് കര കയറിയാല്‍ കേരളത്തില്‍ പ്രതേകിച്ചു തീരദേശ / ഇട നാടുകളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. 
 
തിരുവനന്തപുരം തീരമേഖലയില്‍ പടിഞ്ഞാറന്‍ കാറ്റ് ഉണ്ടെങ്കിലും ദുര്‍ബലമാണ്. മധ്യ കേരളത്തില്‍ കേരള തീരത്തു കാറ്റിന്റെ ദിശ വടക്ക് / വടക്ക് പടിഞ്ഞാറിലാണ്. എന്നാല്‍ കാര്യമായ വേഗതയില്ല. വരും മണിക്കൂറില്‍ കാറ്റ് ശക്തി പ്രാപിച്ചാല്‍ കേരളത്തിന്റെ തീരദേശ മേഖലയില്‍ പ്രത്യേകിച്ച് മധ്യ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍