മണ്‍സൂണ്‍ ടൂറിസത്തിനു ഹരം പകരാന്‍ മഡ് ഫുട്ബോളും കാറോട്ട മത്സരവും

ശനി, 12 ജൂലൈ 2014 (16:06 IST)
മണ്‍സൂണ്‍ ടൂറിസത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ പുതിയ പദ്ധതികള്‍ ആവഷ്കരിക്കുന്നു. ഫാം ടൂറിസം, മഡ് ഫുട്ബോള്‍, വെള്ളത്തിലുള്ള കാര്‍-ബൈക്ക് റെയ്സിങ് എന്നിവയാണ് നടത്തുന്നത്. സ്വകാര്യ തോട്ടങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഫാം ടൂറിസം നടപ്പാക്കുന്നത്. 
 
ചുരുങ്ങിയത് രണ്ടര ഏക്കറെങ്കിലും തോട്ടമുള്ളവര്‍ക്ക് പദ്ധതിയില്‍ പങ്കാളികളാവാം. ഓഗസ്റില്‍ ഇതിന്റെ രജിസ്ട്രേഷന്‍ ആരംഭിക്കും. വിദേശികളെയും ഇതര സംസ്ഥാക്കാരെയും ലക്ഷ്യമിട്ടാണ് ഫാം ടൂറിസം നടത്തുക. ടൂറിസം പാക്കെജായി സഞ്ചാരികളെ ജില്ലയിലെത്തിക്കും. ജില്ലയുടെ തനത് രുചികളും കലാരൂപങ്ങളും ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുകയും ചെയ്യും. ചെളി നിറഞ്ഞ പാടത്ത് കാറോട്ട മത്സരവും ബൈക്ക് റെയ്സിങും നടത്താനും പദ്ധതിയുണ്ട്. 
 
ഓഗസ്റിലാണ് മഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തുക. പ്രാദേശിക ടീമുകളെ ഉള്‍പ്പെടുത്തിയായിരിക്കും മത്സരം. മലപ്പുറം നഗരത്തിനു സമീപത്തുള്ള ഏതെങ്കിലും വയലുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂലൈ 20കം 0483 2731504 ല്‍ രജിസ്റര്‍ ചെയ്യണം എന്നറിയിക്കുന്നു.
 

വെബ്ദുനിയ വായിക്കുക