സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന പാര്‍വ്വതി പോലും അന്ന് മിണ്ടിയില്ല: മെറീന പറയുന്നു

വെള്ളി, 9 മാര്‍ച്ച് 2018 (11:04 IST)
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിറഞ്ഞ് നിന്നത് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് ആണ്. അഞ്ച് അവാര്‍ഡുകളാണ് ടേക്ക് ഓഫിന് ലഭിച്ചത്. ഇറാഖില്‍ അകപ്പെട്ട നഴ്സുമാരുടെ കഥ പറഞ്ഞ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് സമീറ. 
 
പാര്‍വതി അവതരിപ്പിച്ച സമീറയെന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ കോട്ടയം സ്വദേശി മെറീനയാണ്. സിനിമ ആരംഭിക്കുന്നതിന് മുന്‍പും ചിത്രീകരണ സമയത്തും മെറീനയ്ക്ക് അണിയറപ്രവര്‍ത്തകര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, തന്റെ കഥ പറഞ്ഞ് അവാര്‍ഡുകള്‍ വാങ്ങിയിട്ടും തനിക്ക് വാഗ്ദാനം ചെയ്ത സഹായം ലഭിച്ചില്ലെന്നും ടേക്ക് ഓഫ് ടീമിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചെന്നും മെറീന പറയുന്നു. 
 
മെറീനയുടെ കഥയാണ് ടേക്ക് ഓഫ് എന്ന സിനിമയുടെ പ്രമേയം. ഇറാഖിലെ പ്രശ്നത്തില്‍ നിന്നും നാട്ടിലെത്തിയ തനിക്ക് മറ്റ് ജോലികള്‍ ലഭിച്ചില്ലെന്നും ജോലിയില്ലാതെ മൂന്ന് വര്‍ഷം കഷ്ടപ്പെട്ടുവെന്നും ഇപ്പോള്‍ താല്‍ക്കാലികമായി ഒരു ബേക്കറിയില്‍ നില്‍ക്കുകയാണെന്നും മെറീന ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 
 
ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ബേക്കറിയിലെ ജോലി മുടക്കി പോയപ്പോഴൊന്നും യാത്രാക്കൂലിക്ക് പുറമെ ഒരു സാമ്പത്തിക സഹായവും കിട്ടിയില്ലെന്ന് മെറീന പറയുന്നു. ആദ്യമൊക്കെ സഹായം ചെയ്യാമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഭീഷണിയുടെ സ്വരത്തിലാണ് പ്രതികരിച്ചതെന്നും പണം ചോദിച്ച തന്നോട് നിയമപരമായി നേരിടുമെന്നാണ് സംവിധായകന്‍ പറഞ്ഞതെന്നും മെറീന പറഞ്ഞു.
 
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന പാര്‍വ്വതി പോലും തനിക്ക് നേരിട്ട അവഗണനയില്‍ പ്രതികരിച്ചില്ലെന്ന് മെറീന ആരോപിച്ചു. ചിത്രത്തിലെ പാര്‍വതിയുടെ അസാമാന്യ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം. ഉഗ്രമായ കെട്ടുറപ്പുള്ള സംവിധാനത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്, കലാസംവിധാനം, മികച്ച മേക്കപ്പ് എന്നീ അവാര്‍ഡുകളാണ് ടേക്ക് ഓഫിനെ തേടിയെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍