വയനാട്ടില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്‌റ്റ് നേതാവ് സിപി ജലീല്‍; തിരച്ചില്‍ ശക്തമാക്കി പൊലീസ്
വ്യാഴം, 7 മാര്‍ച്ച് 2019 (10:22 IST)
വയനാട് വൈത്തിരിയിൽ മാവോയിസ്‌റ്റ് സംഘവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടു. മാവോവാദി നേതാവ് സിപി ജലീലാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. ചിതറിയോടിയ മാവോയിസ്റ്റ് സംഘത്തിനായി കാട്ടിനുള്ളിൽ തിരച്ചിൽ തുടരുകയാണ്.
ലക്കിടിക്കു സമീപം ദേശീയപാതയിൽ ഉപവൻ റിസോർട്ടിലാണ് അഞ്ചംഗ മാവോയിസ്‌റ്റ് സംഘം എത്തിയത്. ഇവർ ഫ്രണ്ട് ഓഫീസ് ജീവനക്കാരോട് പണവും ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ടു. ജീവനക്കാർ ഇത് നിഷേധിച്ചതോടെ തോക്കു ചൂണ്ടി ബന്ദികളാക്കുകയായിരുന്നു.
തുടർന്ന് തണ്ടർബോൾട്ടും കൽപറ്റ ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പൊലീസും റിസോര്‍ട്ട് വളഞ്ഞപ്പോഴാണു സംഘം വെടിയുതിർത്തത്. ഇതോടെ പൊലീസ് തിരിച്ചു വെടിവച്ചു.
ബുധനാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് വ്യാഴാഴ്ച പുലര്‍ച്ചെ നാലര വരെ നീണ്ടു നിന്നു. രാവിലെ നടത്തിയ തിരച്ചിലിലാണ് റിസോർട്ടിനു സമീപം കമിഴ്ന്നുകിടക്കുന്ന നിലയിൽ മാവോയിസ്റ്റ് സംഘാംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചയോടെ ലക്കിടിയിലേക്ക് കൂടുതല്‍ പൊലീസ് സംഘമെത്തി. കണ്ണൂര്‍ റെയ്ഞ്ച് ഐജിയും വയനാട്ടിലെത്തി.
സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടർ എൻ എസ് കെ ഉമേഷ് ഇൻക്വസ്റ്റ് നടപടികൾക്കായി വെടിവെപ്പ് നടന്ന റിസോർട്ടിലെത്തി. വൈത്തിരി അംബ സുഗന്ധഗിരി മേഖലയിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ആരംഭിച്ചതിനു പ്രതികാരമായാണ് റിസോർട്ട് ആക്രമണമെന്നും പൊലീസ് പറഞ്ഞു.