മാണിയുടെ രാജിക്കായി പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

വെള്ളി, 12 ഡിസം‌ബര്‍ 2014 (09:44 IST)
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് പ്രതി ചേര്‍ക്കപ്പെട്ട മന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ സ്തംഭിച്ചു. ബഹളം നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.

പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ രാവിലെ സഭയിലെത്തിയത്. സഭ ചേര്‍ന്ന് ചോദ്യോത്തര വേള ആരംഭിക്കുകയാണ് എന്ന് സ്പീക്കര്‍ അറിയിച്ചതൊടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. ഇതേ തുടര്‍ന്ന് ചോദ്യോത്തരവേള പല തവണ തടസപ്പെട്ടു. തുടര്‍ന്ന് സഭ നിര്‍ത്തിവച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിക്കുയായിരുന്നു.പിന്നീട് മാദ്ധ്യമപ്രവര്‍ത്തകരെയടക്കം സഭയില്‍നിന്ന് പുറത്താക്കി. സാധാരണ സഭ സസ്‌പെന്‍ഡ് ചെയ്യുമ്പോള്‍ മാത്രമാണ് മാദ്ധ്യമപ്രവര്‍ത്തകരെ പുറത്താക്കാറുള്ളത്.

ഇതേ തുടര്‍ന്ന് ചോദ്യോത്തരവേളയിലെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തരുതെന്ന് മാധ്യമങ്ങളെ സ്പീക്കര്‍ വാക്കാല്‍ വിലക്കി. മാണിയുടെ രാജി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് സസ്പെന്‍ഷന്‍ നേരിട്ട ശിവന്‍‌കുട്ടി എം‌എല്‍‌എ തന്നെയാണ് ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ബാര്‍ കോഴ ഇടപാടില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണി ഉടനെ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. മാണി അധികാരത്തിലിരിക്കുമ്പോള്‍ അന്വേഷണം കാര്യക്ഷമം ആകില്ലെന്നും അധികാരത്തില്‍നിന്ന് മാറി നിന്നാല്‍ മാത്രമെ ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിവുമായി ധൈര്യസമേതം മുന്നോട് വരാന്‍ സാധിക്കൂ എന്നും പ്രതിപക്ഷാംഗങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷം വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക