തൃശൂരിൽ യുവാവ് മാതാപിതാക്കളെ റോഡിലിട്ട് വെട്ടിക്കൊന്നു: പോലീസിൽ വിവരം അറിയിച്ച് മുങ്ങി

ഞായര്‍, 10 ഏപ്രില്‍ 2022 (12:08 IST)
തൃശൂർ: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടില്‍ യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് സുബ്രഹ്‌മണ്യന്‍ (കുട്ടന്‍ -60) അമ്മ ചന്ദ്രിക(55) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്‌ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൊലപാതകവിവരം അറിയിച്ച ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് മുങ്ങി. മുങ്ങിയ അനീഷിനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.
 
കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. അനീഷും മാതാപിതാക്ക‌ളും തമ്മിൽ വീട്ടിൽ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ഞായറാഴ്ച രാവിലെ വീടിന് മുമ്പില്‍ പുല്ലരിയുകയായിരുന്ന അച്ഛനും അമ്മയുമായി യുവാവ് വഴക്കിടുകയായിരുന്നു.
 
പിന്നാലെ വീടിനകത്തേക്ക് പോയ യുവാവ് വെട്ടുകത്തിയുമായി തിരികെവന്ന് മാതാപിതാക്കളെ ആക്രമിച്ചു. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീട്ടുവളപ്പില്‍നിന്ന് പുറത്തേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുൻപിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍