ചോദ്യം കേട്ടവര്‍ കേട്ടവര്‍ സൂപ്പര്‍ താരത്തിന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി. ഇതൊക്കെയൊരു മരമാണോ? മൈ ട്രീ ചലഞ്ചിന്റെ പ്രയോക്താവായ മമ്മൂട്ടി തന്നെ അശോക മരത്തെ നോക്കി പുഛത്തൊടെ ചോദിച്ചപ്പോള്‍ കേട്ടവര്‍ക്കും സംശയം, ഇനി ഇത് മരമല്ലെ...! വയനാട് മാനന്തവാടിയില്‍ നടക്കുന്ന നാഷണല്‍ അഗ്രി ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഒരു ലക്ഷം വൃക്ഷത്തൈ വിതരണം ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നടന്‍ മമ്മൂട്ടി. അപ്പോഴാണ് ഏവരേയും ഞെട്ടിക്കുന്ന ചോദ്യം താരത്തിന്റെ നാവില്‍ നിന്ന് വന്നത്.
കൊച്ചി അയ്യപ്പന്‍കാവ് എസ്എന്‍ എച്ച്എസ്എസ് മുറ്റത്ത് മരം നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ കൊണ്ടുവന്ന അശോക മരത്തിന്റെ തൈ ഒരു മരത്തിന്റേതാണെന്ന് അംഗീകരിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞില്ല. ആശയക്കുഴപ്പം തുടരുന്നതിനിടെ അധ്യാപകരിലൊരാള്‍ ഉടന്‍തന്നെ സമീപത്തുനിന്നും ആല്‍മരത്തൈ ചുവടോടെ പിഴുതുകൊണ്ടുവന്നു. എന്നാല്‍ ഇതിനേപ്പോലും മരമായി അംഗീകരിക്കാന്‍ സൂപ്പര്‍ താരത്തിന് സാധിച്ചില്ലത്രെ!
അതൃപ്തിയോടെയാണെങ്കിലും തല്‍ക്കാലം ആല്‍മരത്തിന്റെ തൈകൊണ്ട് മമ്മൂട്ടി അഡ്ജസ്റ്റ് ചെയ്തു. പിന്നെയാണ് മമ്മൂട്ടി മരത്തേക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞത്. തണലും ഫലങ്ങളും തരുന്നവയാണ് മരങ്ങളത്രെ. ഇവ രണ്ടും തരുന്നവ മാത്രമെ നടാവു എന്ന് ഉപദേശിക്കാനും സൂപ്പര്‍ താരം മറന്നില്ല. മൈട്രീ ചാലഞ്ചിന്റെ ഭാഗമായി തന്നെ മരം നടാന്‍ നാടുമുഴുക്കെ വിളിക്കുകയാണെന്നും പറഞ്ഞു. അവനവന്‍ തന്നെ പരമാവധി മരങ്ങള്‍ നടണമെന്നും വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചാണ് മമ്മൂട്ടി വേദി വിട്ടത്. മന്ത്രി പി.കെ. ജയലക്ഷ്മി, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.