സുനിയുടെ ചിത്രങ്ങള്‍ പോലും ഒളിപ്പിച്ചു, രക്ഷപ്പെടാന്‍ സഹായിച്ചത് ഇവര്‍ തന്നെയോ ?
ബുധന്‍, 22 ഫെബ്രുവരി 2017 (13:54 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദം. സംഭവത്തില്‍ പൊലീസ് സംശയിക്കുന്ന പ്രമുഖ നടനെ ചോദ്യം ചെയ്യാൻ ഉന്നതതലങ്ങളിൽ നിന്നും അനുവാദം ലഭിക്കുന്നില്ലെന്ന പരാതി അന്വേഷണ സംഘത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്‌ച ചേര്‍ന്ന അന്വഷണ ഉദ്യോഗസ്ഥരുടെ യോഗത്തിനിടെ ഡിജിപി ലോക്‍നാഥ് ബെഹ്‌റയില്‍ നിന്ന് ഐജിക്ക് ലഭിച്ച നടപടിയും ഏകദേശം സമാനമാണ്. സാഹചര്യത്തെളിവുകളും ആരോപണങ്ങളും നടനെതിരെ നിലനിൽക്കവേ താരത്തെ ചോദ്യം ചെയ്യണമെന്ന് ആവശ്യമുയർന്നപ്പോൾ ‘നിങ്ങളാദ്യം പള്‍സര്‍ സുനിയെ പിടിക്കൂ, പൊലീസിന്റെ മാനം രക്ഷിക്കൂ’ എന്നായിരുന്നത്രേ ഡി ജി പിയുടെ മറുപടി പറഞ്ഞത്.
മുഖ്യപ്രതി പൾസർ സുനിയാണെന്ന് നടി സംഭവ ദിവസം തന്നെ പൊലീസിന് മൊഴി നൽകിയെങ്കിലും ഇയാൾ രക്ഷപ്പെടാതിരിക്കാൻ നടപടി സ്വീകരിച്ചില്ല. സംഭവ ദിവസം രാവിലെ തന്നെ പ്രതി രക്ഷപ്പെടാതിരിക്കാൻ സുനിയുടെ ചിത്രം മാധ്യമങ്ങൾക്ക് നൽകാൻ തീരുമാനിച്ചതാണ്. പിന്നീട് തീരുമാനത്തിൽ നിന്നും മാറിയത് ആര് ഇടപ്പെട്ടിട്ടാണെന്ന് വ്യക്തമല്ല.
സുനിയുടെ പല തരത്തിലുള്ള ചിത്രങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും ഇത് മാധ്യമങ്ങൾക്ക് നൽകുന്ന കാര്യത്തിലും പൊലീസ് വീഴ്ച്ച കാണിച്ചു. ലഹരി ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സുനി സിനിമ മേഖലയില്‍ പ്രശസ്‌തനാണ്. ഇതാണ് പ്രതിയിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, പൊലീസ് സംശയിക്കുന്ന പ്രമുഖ നടനെ ചോദ്യം ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പൊലീസ് പോയതും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.