നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഗണേഷ്‌ കുമാര്‍ രംഗത്ത്

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (20:26 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി അഭിനയിച്ച് കൊണ്ടിരുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും ഉത്തരവാദിത്വമുണ്ടെന്ന് ഗണേഷ്‌ കുമാര്‍ എംഎല്‍എ.

സിനിമ പ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ മാഫിയകളുടെ വലയിലാണ്. ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ പോലും സിനിമാ സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമിക്കുന്നുണ്ട്. സംഘടനകളിലെ അംഗത്വത്തിന് സ്ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചു. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടിയുമായി അടുത്ത ബന്ധമുള്ളവര്‍ സ്ഥിരീകരിച്ചു.

അതേസമയം, വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷൻ ഇടപ്പെട്ടു.  വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം അറിയിച്ച് കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം ഡിജിപിക്ക് നോട്ടീസ് അയച്ചു.

കേസിൽ എന്തൊക്കെ നടപടി പൊലീസ് സ്വീകരിച്ചുവെന്ന് അറിയാനാണ് ഡിജിപിയെ കമ്മീഷൻ വിളിച്ചുവരുത്തുന്നത്. അന്വേഷണം ഏത് ഘട്ടത്തിലായെന്നും മുഖ്യപ്രതി പൾസർ സുനിയെ കണ്ടെത്തുന്നതിനുള്ള നടപടികളും കമ്മീഷൻ ആരായും.

ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകീട്ടാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയില്‍ വച്ചാണ് കാറിലേക്ക് ഒരു സംഘം ഇരച്ചു കയറി യുവനടി സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്തത്. കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി ചിത്രമെടുക്കാന്‍ ശ്രമിച്ചു. പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഇവര്‍ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നു.
Next Article