മലയാളസിനിമയില്‍ കാല്‍പ്പനികത വിടര്‍ന്നത് ഭാര്‍ഗവിനിലയത്തില്‍:ജോണ്‍പോള്‍

ബുധന്‍, 26 നവം‌ബര്‍ 2014 (18:29 IST)
മലയാള സിനിമയില്‍ കാല്‍പ്പനികതയുടെ നവവസന്തം വിടര്‍ന്നത് ഭാര്‍ഗവിനിലയത്തിലാണെന്ന് തിരക്കഥകൃത്ത് ജോണ്‍പോള്‍. ബഷീറിനേക്കാള്‍ മികച്ചതായി ഇന്ത്യന്‍ സിനിമയില്‍ ആരും പ്രണയമെഴുതിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മിച്ചു. ബഷീര്‍ കഥയും സംഭാഷണവും രചിച്ച് പികെ പരീക്കുട്ടി നിര്‍മിച്ച ഭാര്‍ഗവിനിലയത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊച്ചി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, കൊച്ചിന്‍ ഫിലിം സൊസൈറ്റി, ജിസിഡിഎ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സിനിമയിലെ ആദ്യപ്രേത സിനിമ മഹല്‍ ആണെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായി വര്‍ത്തമാനകാലത്തേക്കു ഇറങ്ങിവന്ന പ്രേതസാന്നിധ്യമായിരുന്നു ഭാര്‍ഗവിനിലയത്തിലേത്. നമുക്ക് കൂട്ടുകൂടാന്‍ ഇഷ്ടം തോന്നുന്ന പ്രേതസാന്നിധ്യം അനുഭവിച്ചറിയുന്നത് ഭാര്‍ഗവിനിലയത്തിലാണ്. വളരെ പരമിതമായ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് അത്തരമൊരു ചിത്രം അവര്‍ നമുക്കായി അണിയിച്ചൊരുക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തമായൊരു ഘടന വൈശിഷ്ട്യമാണ് ഭാര്‍ഗവി നിലയത്തിന്റെ സവിശേഷത. മികച്ചൊരു കുറ്റാന്വേഷണകഥ, അതോടൊപ്പം ഉദാത്തമായ പ്രണയകാവ്യം. ഒന്ന് മറ്റൊന്നിന് പൂരകമാകുന്ന കാഴ്ചയാണിവിടെ നാമനുഭവിക്കുന്നത്. ഭാര്‍ഗവിക്കുട്ടി അതിക്രൂരമായ കൊലയ്ക്ക് ഇരയായത് പ്രണയത്തോട് അവള്‍ കാണിച്ച ആത്മാര്‍ഥത കാരണമാണ്. വിന്‍സന്റ് മാസ്റ്റര്‍ നിഴലും വെളിച്ചവും കൊണ്ട് അനന്യമായ ദൃശ്യഭാഷ ചമയ്ക്കുകയായിരുന്നു അതില്‍- അദ്ദേഹം പറഞ്ഞു.

രണ്ടാമതൊരിക്കല്‍ കൂടി ഭാര്‍ഗവിനിലയത്തെ അണിയിച്ചൊരുക്കാന്‍ താന്‍ നടത്തിയ പരിശ്രമങ്ങളെയും ജോണ്‍ പോള്‍ അനുസ്മരിച്ചു. തനിക്ക് പകര്‍പ്പവകാശം ഉണ്ടായിരുന്നതാണതിന്. പല രംഗങ്ങളും മാറ്റണമെന്ന് ആലോചിച്ചിരുന്നു. എന്നാല്‍ ബഷീറിന്റെ ആത്മാവിനെ തൊട്ടറിയുന്ന ഭാസ്‌കരന്‍മാഷിന്റെ ഗാനങ്ങള്‍ അതേപടി നിലനിര്‍ത്താനായിരുന്നു പദ്ധതി. ഇതിനായി എത്രവേണമെങ്കിലും ദിവസം നീക്കിവയ്ക്കാന്‍ സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാനും തയ്യാറായിരുന്നു. കാരണം അദ്ദേഹത്തിന്റെ പിതാവ് ആര്‍.കെ.ശേഖറായിരുന്നു ഭാര്‍ഗവിനിലയത്തിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചതെന്ന് അദ്ദേഹം ഓര്‍മിച്ചു.

പരീക്കുട്ടിയുടെ മദ്രാസിലെ ഓഫീസ് മുറിയില്‍ ആഘോഷമായാണ് സിനിമയുടെ തിരക്കഥവേള കടന്നുപോയത്. മലയാള സിനിമയുടെ കച്ചവട സാധ്യതകളോട് നാം കടപ്പെട്ടിരിക്കുന്നത് പരീക്കുട്ടിയോടാണ്. വിവിധ മേഖലകളില്‍ വ്യാപരിച്ച അദ്ദേഹം ഗവേഷണം അര്‍ഹിക്കുന്നുണ്ട്. അവര്‍ അവരുടെ ജീവിതം സമര്‍പ്പിച്ചാണ് നമുക്കീ കഥ പറഞ്ഞുതന്നത്. അതില്‍ നഷ്ടത്തിന്റെയും പ്രണയത്തിന്റെയും ഒരുപാട് തേങ്ങലുകള്‍ കാണാനാകുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ബഷീര്‍ കൃതികള്‍ മനപ്പാഠമാക്കിയിരുന്ന തനിക്ക് ആ കഥകള്‍ വായിച്ചതിനാല്‍ ക്ലാസില്‍ അധ്യാപകന്റെ തല്ലുകൊണ്ട ചരിത്രവും ഓര്‍മിപ്പിച്ചാണ് പ്രൊഫ.സി.ആര്‍.ഓമനക്കുട്ടന്‍ ഭാര്‍ഗവിനിലയത്തെ അനുസ്മരിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക